ഇന്റർനെറ്റ് വേഗത പരിശോധിക്കാന്‍ സൌകര്യമൊരുക്കി സിട്ര

  • 22/06/2020

കുവൈറ്റ് സിറ്റി : ഇന്റര്‍നെറ്റ് വേഗത പരിശോധിക്കാന്‍ സൌകര്യമൊരുക്കി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര). കുവൈത്തിലെ ഇന്റർനെറ്റ് സേവനദാതാക്കളുടെ വേഗത http://speed.ix.kw വെബ്സൈറ്റ് വഴി പരിശോധിക്കുവാനുള്ള സൌകര്യമാണ് സിട്ര ഒരുക്കിയിരിക്കുന്നത്. എല്ലാ നെറ്റ്‌വർക്കുകളും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള വിവരങ്ങൾ സുതാര്യമായ രീതിയിൽ വെബ്സൈറ്റ് ഉപയോക്താക്കൾക്ക് നൽകുമെന്ന് സിട്ര വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കാരണം ഇന്റര്‍നെറ്റില്‍ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. സാധാരണ മിന്നല്‍ വേഗത്തില്‍ പാഞ്ഞിരുന്ന ഇന്റര്‍നെറ്റ് ലോഡിങ് ഇല്ലാതെ ഉപയോഗിക്കാന്‍ ആവാത്ത അവസ്ഥയിലാണ് ഇന്ന് മിക്ക ഉപയോക്താക്കളും.വിവിധ സെര്‍വറുകള്‍ ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് വേഗത കണ്ടെത്തുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗതയാണ് പരിശോധിക്കുന്നതെങ്കില്‍ ഫോണിലെ വൈഫൈ ഓഫ് ചെയ്ത് വെക്കുക. അല്ലെങ്കില്‍ ഫോണില്‍ നിന്നും വേഗത പരിശോധിക്കുമ്പോള്‍ വൈഫൈ വഴി ലഭിക്കുന്ന ഇന്റര്‍നെറ്റിന്റെ വേഗതയാണ് കാണുക.സേവന ദാതാക്കളുടെ പ്രകടനവും ഉപയോക്താക്കളുടെ അനുഭവവും മെച്ചപ്പെടുത്തുവാന്‍ സിട്രയുടെ വെബ്സൈറ്റ് വഴി സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. മാത്രവുമല്ല മികച്ച ഇന്റർനെറ്റ് വേഗത നല്‍കുന്ന സേവനദാതാവിനെ പുതിയ സൌകര്യം വഴി ഉപഭോക്താവിന് സ്വയം കണ്ടെത്തുവാന്‍ കഴിയും. വിപണി വികസിപ്പിക്കുന്നതിനും ഇന്റർനെറ്റ് സേവനദാതാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും സിട്രയുടെ വെബ്സൈറ്റ് സേവനത്തിലൂടെ കഴിയുമെന്ന് സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Related News