വീട് മാറിയതിന് ശേഷം ആദ്യമായി വന്ന ഗ്യാസ് ബില്ല് കണ്ട് കണ്ണുതള്ളി ദമ്ബതികള്‍

  • 27/10/2023

ഒരു മാസത്തെ ഗ്യാസ് ബില്ല് കണ്ട് അമ്ബരന്ന് ദമ്ബതികള്‍. യുകെയിലെ സ്റ്റാഫോര്‍ഡ്‌ഷെയറിലാണ് സംഭവം. ലീ ഹെയ്‌ൻസ് (44), ജോ വുഡ്‌ലി (45) എന്നിവര്‍ക്കാണ് അപ്രതീക്ഷിതമായി 11,000 പൗണ്ടിന്റെ ഗ്യാസ് ബില്ല് ലഭിച്ചത്. ഇന്ത്യൻ രൂപ 11 ലക്ഷത്തിലധികം വരുമിത്. ബില്ല് കണ്ടയുടനെ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീടാണ് കാര്യം മനസിലായത്.

2005ലാണ് സ്റ്റാഫോര്‍ഡ്ഷെയറിലെ വീട്ടിലേയ്‌ക്ക് ദമ്ബതികള്‍ താമസം മാറിയത്. അന്ന് മുതല്‍ ഇന്ന് വരെയുള്ള ഗ്യാസ് ബില്ല് ഇവര്‍ അടച്ചിരുന്നില്ല. ബില്ലുകള്‍ അടയ്‌ക്കുന്നതിനുവേണ്ടി അന്ന് മുതല്‍ വിതരണക്കാരുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ അതെല്ലാം കൂട്ടി കഴിഞ്ഞ 18 വര്‍ഷത്തെ ഗ്യാസ് ബില്ലാണ് ഇപ്പോള്‍ ഒന്നിച്ച്‌ വന്നിരിക്കുന്നത്.

പുതിയ വീട്ടിലേയ്‌ക്ക് താമസം മാറിയപ്പോള്‍ തന്നെ ഇവര്‍ വൈദ്യുതി, വാട്ടര്‍ ഉള്‍പ്പെടെ എല്ലാ ബില്ലുകളും അടയ്‌ക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, അന്ന് ഗ്യാസിന്റെ ബില്ലടയ്‌ക്കാൻ മാത്രം സാധിച്ചിരുന്നില്ല. പിന്നീട് നിരവധി തവണ ഗ്യാസ് വിതരണക്കാരുമായി ബന്ധപ്പെടാൻ ഇവര്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ഈ പ്രതിസന്ധി എങ്ങനെ മറികടക്കണമെന്ന് തനിക്ക് അറിയില്ലെന്നും എന്നെങ്കിലും ഒരിക്കല്‍ ഇത് തന്നെ തേടിയെത്തുമെന്ന് ഭയപ്പെട്ടിരുന്നതായും ലീ പറഞ്ഞു.

Related News