ഫര്‍വാനിയിലും മഹബുള്ളയിലും പിന്‍വലിക്കും, അബ്ബാസിയയില്‍ ലോക് ഡൌണ്‍ തുടരാന്‍ സാധ്യത; കർഫ്യൂ കാലയളവ് കുറക്കും

  • 24/06/2020

കുവൈറ്റ് സിറ്റി : രാജ്യത്തെ ചില പ്രദേശങ്ങളില്‍ നിലവിലുള്ള ​ലോക്ഡൌണ്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട്​ സർക്കാർ വ്യാഴാഴ്​ച തീരുമാനമെടുക്കാന്‍ സാധ്യത. ജൂണ്‍ 20 നു തീരേണ്ട ആദ്യഘട്ടം താല്‍ക്കാലികമായി നീട്ടിയിരുന്നു. സമീപ ദിവസങ്ങളിൽ പുതിയ കോവിഡ്​ റി​പ്പോർട്ടുകൾ കുറഞ്ഞ മഹബൂലയിൽ ​ലോക്ഡൌണ്‍ ഒഴിവാക്കുന്നത്​ പരി​ഗണനയിലുണ്ടെന്നാണ്​ റിപ്പോർട്ട്​. അതോടപ്പം ഫര്‍വാനിയയിലും ലോക്ഡൌണ്‍ ഒഴിവാക്കി അബ്ബാസിയയില്‍ മാത്രമായി ലോക് ഡൌണ്‍ പരിമിതപ്പെടുത്താനും തീരുമാനങ്ങള്‍ ഉണ്ടെന്നാണ് സൂചന. ഇതുവരെ ഇതുസംബന്ധിച്ച്​ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വ്യഴാഴ്​ചത്തെ യോഗത്തിലാണ്​ തീരുമാനമെടുക്കുകയെന്നും ഉന്നതവൃത്തങ്ങൾ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി കർഫ്യൂ സമയത്തിലും മാറ്റങ്ങള്‍ വരുത്തുവാന്‍ സാധ്യതയുണ്ട്. ഭാഗിക കർഫ്യൂ രാത്രി 9 മുതൽ പുലർച്ചെ 5 വരെ കുറയ്ക്കുകയും സർക്കാർ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും 30% തൊഴിലാളികളിൽ ജോലി പുനരാരംഭിക്കുവാന്‍ അനുവദിക്കുകയും ചെയ്യും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രീ ബൂക്കിംഗ് വഴി സന്ദർശകരെ അനുവദിക്കും. കോവിഡ് പ്രതിരോധ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവ്​ അനുവദിച്ച്​ സാധാരണ ജീവിതത്തിലേക്ക്​ നാടിനെ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിലാണ്​ അധികൃതർ. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറിൽ പകർച്ചവ്യാധിയുടെ രണ്ടാം ഘട്ടം വരാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ വകുപ്പിന്‍റെ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടരുമെന്നാണ് സൂചന.

Related News