പ്രവാസി ക്ഷേമപദ്ധതികളിൽ കാലോചിത മാറ്റം അനിവാര്യം- പ്രവാസി വെൽഫെയർ കുവൈത്ത്

  • 14/02/2024


കുവൈത്ത് സിറ്റി – സംസ്ഥാന സർക്കാറിന് കീഴിലുള്ള നോർക്ക റൂട്ട്സും കേരള പ്രവാസി വെൽഫെയർ ബോർ‍ഡും പ്രവാസികൾക്ക് നൽകുന്ന സേവനങ്ങളിൽ കാലോചിത മാറ്റം അനിവാര്യമാണെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡണ്ട് ലായിക് അഹമ്മദ് പറഞ്ഞു.

'അടുത്തറിയാം പ്രവാസി ക്ഷേമപദ്ധതികൾ'* എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച റിസോഴ്സ് പേഴ്സൺ ട്രെയിനിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
കഴിഞ്ഞ 15 വർഷത്തിനിടെ പ്രവാസി പെൻഷൻ തുകയിൽ നാമമാത്രമായ വർദ്ധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ പ്രവാസി ക്ഷേമനിധിയുടെ അംശാദായം , നോർക്ക ഐഡി കാർഡ് രജിസ്ട്രേഷൻ എന്നിവക്ക് പ്രവാസികളിൽ നിന്ന് ഈടാക്കുന്ന തുകയിൽ വർദ്ധന വരുത്തിയിട്ടുമുണ്ട്. പെൻഷൻ തുക 5000 രൂപയായെങ്കിലും ഉയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 
നാടിന്റെ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിക്കുന്ന പ്രവാസികൾക്കായുള്ള പദ്ധതികൾ കൂടുതൽ ആകർഷകമാക്കുന്നതിന് സർക്കാർ മുഖ്യപരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. 
പ്രവാസികളെ ബോധവൽക്കരിക്കുന്നതിനും പദ്ധതികളിൽ 
അംഗമാക്കുന്നതിനും പ്രവാസി വെൽഫെയർ കുവൈത്ത് പ്രത്യേക വിംഗ് രൂപീകരിച്ച് പ്രവർത്തനം തുടരുന്നുണ്ട്. 
അതിന്റെ ഭാഗമായാണ് റിസോഴ്സ് പേഴ്സൺ ട്രെയിനിംഗ് സംഘടിപ്പിച്ചത്. സംഘനയുടെ നോർക്ക & ഗവൺമെന്റൽ അഫയേഴ്സ് വിംഗ് കൺവീനർ 
റഫീഖ് ബാബു പൊൻമുണ്ടം ട്രെയിനിംഗിന് നേതൃത്വം നൽകി. നിലവിൽ നോർക്ക റൂട്ട്സും കേരള പ്രവാസി വെൽഫെയർ ബോർഡും നൽകുന്ന വിവിധ സേവനങ്ങളെ കുറിച്ച് അവബോധം നൽകി. ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതം പറഞ്ഞു. 

Related News