കുടുംബം വെല്ലുവിളി നേരിടുന്ന കാലത്ത് പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കണം

  • 25/02/2024



കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തെ ശിഥിലമാക്കൻ കടന്നു വരുന്ന അപകടകരമായ ആശയങ്ങൾ വൻതോതിൽ പുതുതലമുറയെ സ്വാധീച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ സംഘടിപ്പിച്ച ഫാമിലി കോൺഫറൻസിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചുകൊണ്ട് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അശ്റഫ് ആഹ്വാനം ചെയ്തു.


യോളോ, നിഹ്‌ലിസം, എന്റെ ശരീരം എന്റെ അവകാശം തുടങ്ങിയ ആശയങ്ങളിൽ ആകൃഷ്ടരായി ലിബറലിസത്തിലൂടെ മതനിരാസത്തിലേക്ക് എത്തിച്ചേരുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നത് വിശ്വാസി സമൂഹം ഗൗരവത്തിലെടുക്കണം.

സ്വന്തം നാടും വീടും വിട്ട് വിദേശ രാജ്യങ്ങളിൽ കഴിയുമ്പോൾ തന്നെ കുടുംബ ബന്ധങ്ങളിൽ നിരവധി പ്രയാസങ്ങൾക്ക് സാധ്യത ഏറെയാണ്. 

അതോടൊപ്പം കുടുംബത്തിലേക്ക് കടന്നുവരുന്ന തെറ്റായ ലിബറൽ ആശയങ്ങൾ കൂടിയാകുമ്പോൾ പ്രവാസി കുടുംബങ്ങളുടെ ബാധ്യത വർധിക്കുകയാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ഒരു ഭാഗത്ത് സ്വന്തം കുടുംബങ്ങളിൽ നിന്ന് ഉൾവലിയുകയും മറുഭാഗത്ത് ഓൺലൈനിലൂടെ യാതൊരു പരിചയവുമില്ലാത്ത വ്യക്തികളിലേക്കും സൈബർ കുറ്റകൃത്യങ്ങളിലേക്കും എടുത്തെറിയപ്പെടുകയും ചെയ്യുന്ന സാമൂഹ്യ സാഹചര്യത്തെ അഭിമുഖീകരിക്കാൻ ഇനിയും നാം വൈകിക്കൂടാ.

പാശ്ചാത്യർ ചവച്ചുതുപ്പിയ ജൻഡർ പൊളിറ്റിക്സ്, ജനസംഖ്യ നിയന്ത്രണം, പലിശയധിഷ്ടിതമായ സാമ്പത്തിക വ്യവസ്ഥ, ലിവിങ് ടുഗെതർ, നൈറ്റ് ലൈഫ്, ലഹരിയുടെ കുത്തൊഴുക്ക്‌, കുത്തഴിഞ്ഞ ലൈംഗികത, തുടങ്ങിയവ വീണ്ടും വായിലിടുന്നതിന്റെ പേരല്ല പുരോഗമനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാളികളുടെ പുരോഗമന നാട്യം അവസാനിപ്പിച്ച് യഥാർത്ഥ്യബോധത്തിലേക്ക് തിരിച്ചുവരണമെന്നും കൂട്ടിച്ചേർത്തു.

ഇന്ത്യാ രാജ്യത്ത് ഹിന്ദുത്വ ഭീകരത സർവ്വ സീമകളും ലംഘിക്കുന്ന സാഹചര്യത്തിൽ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്തിൻ്റെ മതനിരപേക്ഷത വീണ്ടെടുക്കാനുള്ള രണ്ടാമത്തെ സ്വാതന്ത്ര്യ സമരമായി നാം പരിഗണിക്കണം. ഈ നിർണ്ണായക ഘട്ടത്തിലും അല്ലാഹുവിലേക്ക് അടുക്കുന്നതിന് പകരം തങ്ങൾ വ്യാജമായി പടച്ചുണ്ടാക്കിയ ഒലിയാക്കളാണ് ലോകത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നതെന്ന പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും പൗരോഹിത്യം പിന്തിരിയണമെന്നും ഓർമ്മിപ്പിച്ചു.

കുവൈത്ത് പാർലമെൻറ് മെമ്പർ മുഹമ്മദ് ഹായിഫ് അൽ മുതൈരി സമ്മേളനം ഉത്ഘാടനം ചെയ്തു.  ഇസ്ലാഹീ സെൻറർ പ്രസിഡൻറ്  പി.എൻ. അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ  സെൻറർ ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ സ്വാഗതവും മുഹമ്മദ് അസ്‌ലം കാപ്പാട് നന്ദിയും പറഞ്ഞു.

Related News