റമളാന്‍ മാസം വിശ്വാസത്തെ നവീകരിക്കുന്നു: പേരോട് അബ്ദുറഹ്മാൻ സഖാഫി

  • 03/03/2024


കുവൈത്ത്:  വിശ്വാസത്തേയും അതു വഴി മാനവിക ബോധത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളെയും നവീകരിക്കുകയാണ് ഓരോ റമളാന്‍ കാലവും വിശ്വാസി സമൂഹത്തിൽ നിർവഹിക്കുന്നതെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രസ്താവിച്ചു.
പ്രപഞ്ചത്തിലെ മറ്റെല്ലാ ജീവികളെയും സ്വന്തം നിയന്ത്രണത്തിലേക്ക് കൊണ്ടു വരാൻ കഴിഞ്ഞ മനുഷ്യനെ  സ്രഷ്ടാവായ അല്ലാഹുവിന്റെ അടിമയാണ് താനെന്ന ബോധമാണ് മുന്നോട്ട് നയിക്കേണ്ടതെന്നും എങ്കിൽ മാത്രമേ പടച്ചവന്റെ കാരുണ്യം എന്ന വിശേഷണത്തിന്റെ നടത്തിപ്പുകാരനായി തന്റെ ചുറ്റുപാടുകളിൽ സമാധാനപരമായ ജീവിതാന്തരീക്ഷം യാഥാർഥ്യമാക്കാൻ സാധ്യമാവുകയുള്ളൂ എന്നും അദ്ദേഹം ഓർമപ്പെടുത്തി. മാനവികത, സഹജീവി സ്നേഹം, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങളിൽ ദൈനം ദിന ഇടപാടുകളെ ക്രമപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട മുസ്ലിമായി ജീവിക്കാൻ സമാഗതമാകുന്ന റമളാന്‍ മാസം വിശ്വാസി സമൂഹത്തിന് പ്രചോദനമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ICF കുവൈത്ത് നാഷണൽ കമ്മിറ്റി ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച റമളാന്‍ മുന്നൊരുക്ക സമ്മേളനത്തിൽ ഉദ്ബോധന പ്രസംഗം നടത്തുകയായിരുന്നു പേരോട് സഖാഫി. ഐസിഎഫ് കുവൈത്ത് പ്രസിഡണ്ട് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ച സമ്മേളനം അഹ്‌മദ്‌ സഖാഫി കാവനൂർ ഉദ്‌ഘാടനം നിർവഹിച്ചു. അബ്ദുൽ അസീസ് സഖാഫി പങ്കെടുത്തു. അബ്ദുല്ല വടകര സ്വാഗതവും അബ്ദുൽ റസാഖ് സഖാഫി നന്ദിയും പറഞ്ഞു.

Related News