ക്രിസ്തുവിൻ്റെ സഞ്ചാരപാതയിലൂടെ വിശുദ്ധിയിലേക്ക് വളരണം : ഫാ. നൈനാൻ വി. ജോർജ്ജ്‌

  • 18/03/2024



കുവൈറ്റ്‌ : വിശുദ്ധമായ നോമ്പുകാലം ആരാധനയിലൂടെയും അനുതാപത്തിലൂടെയും അനുരഞ്ജനത്തിൻ്റെ പാതയിലൂടെയും മുന്നേറി ആത്മനിറവിൽ ക്രിസ്തുവിൻ്റെ കഷ്ടാനുഭവത്തിൽ പങ്കാളികളാകാൻ കഴിയണമെന്നും, കൗദാശികമായ അനുഭവങ്ങളിലൂടെ ക്രിസ്തുവിൽ വസിക്കുവാൻ വിളിക്കപ്പെട്ടവരാണ് ഓരോ വിശ്വാസിയുമെന്ന ബോദ്ധ്യം വിശുദ്ധിയിൽ വളരുവാൻ നമ്മെ സഹായിക്കുമെന്നും ഫാ. ഡോ. നൈനാൻ വി. ജോർജ്ജ്‌ ഉദ്ബോധിപ്പിച്ചു.

കുവൈറ്റ്‌ മഹാ ഇടവകയിലെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥനമായ മാർ ബസേലിയോസ്‌ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ വലിയ നോമ്പിനോടനുബന്ധിച്ച്‌ ക്രമീകരിച്ചിരിക്കുന്ന വചനശുശ്രൂഷയ്ക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ബാസിയാ സെന്റ് ബസേലിയോസ് ചാപ്പലിൽ നടന്ന പ്രാരംഭ യോഗത്തിൽ ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. റിനിൽ പീറ്റർ, ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം തോമസ്‌ കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക്‌ അലക്സ്‌ പണിക്കർ, സംഘടനാ വൈസ് പ്രസിഡണ്ട് ഷാജി വർഗ്ഗീസ്, സെക്രട്ടറി തോമസ് മാത്യൂ, ട്രഷറാർ ഷൈൻ ജോർജ്ജ്, കൺവൻഷൻ കൺവീനർ ബിനു ബെന്ന്യാം എന്നിവർ സന്നിഹിതരായിരുന്നു.

മാർച്ച് 17, 18, 20, 21 തീയതികളിൽ  ക്രമീകരിച്ചിരിക്കുന്ന കൺവൻഷന്റെ രണ്ടാം ദിനം സാൽമിയാ സെന്റ് മേരീസ് ചാപ്പലിൽ ഇന്ന് വൈകിട്ട് 6.30-നു സന്ധ്യാനമസ്കാരത്തോടുകൂടി ആരംഭിക്കും.

Related News