സംശുദ്ധ ജീവിതത്തിന് പ്രതിജ്ഞയെടുക്കുക: ഖലീൽ തങ്ങൾ

  • 19/03/2024


കുവൈത്ത് സിറ്റി: ആത്മസംസ്കരണത്തിന്റെ സുവർണ്ണാവസരമായ റമദാനിൽ സംശുദ്ധ ജീവിതത്തിനായി പ്രതിജ്ഞയെടുത്ത്, തുടർന്നുള്ള എല്ലാ ഏർപ്പാടുകളിലും അതു പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ മാത്രമേ വിശുദ്ധമാസത്തിന്റെ അളവറ്റ അനുഗ്രഹങ്ങൾ സമ്പാദിക്കാൻ സാധിക്കുകയുള്ളൂ എന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽബുഖാരി പ്രസ്താവിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ഐ സി എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ, പ്രാർത്ഥനാ സമ്മേളനത്തിൽ ഉദ്ബോധന പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

റമദാൻ മാസത്തിൽ നിന്ന് പൊഴിഞ്ഞു വീഴുന്ന നിമിഷങ്ങളെക്കുറിച്ചുള്ള വേദന മനസ്സിൽ ഉണ്ടാവുക എന്നത് വിശ്വാസത്തിന്റെ അടയാളമാണെന്നും 
പശ്ചാത്തപവും പ്രതീക്ഷ കൈ വിടാതെയുള്ള പ്രാർത്ഥനയുമാണ് വിശ്വാസി സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടതെന്നും അദ്ദേഹം ഉണർത്തി. എങ്കിൽ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഏതു തരം പ്രതിസന്ധിയെയും നിർഭയം അതിജീവിക്കാൻ കഴിയും. തിന്മകളെക്കുറിച്ച് ആശങ്കയും കുറ്റബോധവുമുള്ളവരുടെ തേട്ടങ്ങൾക്ക് സ്വീകാര്യത ഉറപ്പാണെന്നും റമദാൻ കാലം ആയൊരു പ്രതീക്ഷക്ക് വെളിച്ചം പകരുകയാണെന്നും ഖലീൽ തങ്ങൾ ഓർമപ്പെടുത്തി.

അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ്. എറണാകുളം ജില്ലാ പ്രസിഡന്റ് ഷാജഹാൻ സഖാഫി ഉദ്ഘാടനം ചെയ്തു. എസ്. എസ്. എഫ്. ഇന്ത്യ ജനറൽ സെക്രട്ടറി ഉബൈദുല്ല സഖാഫി പ്രസംഗിച്ചു. ഹൈദർ അലി സഖാഫി തറാവീഹ് നിസ്കാരത്തിനു നേതൃത്വം നൽകി. സയ്യിദ് ഹബീബ് അൽബുഖാരി, ബശീർ അബ്ദുറഹ്മാൻ അസ്ഹരി പേരോട്, അഹ്‌മദ്‌ കെ മാണിയൂർ, അബ്ദുൽഅസീസ് സഖാഫി സംബന്ധിച്ചു. അബ്ദുല്ല വടകര സ്വാഗതവും എ എം സമീർ നന്ദിയും പറഞ്ഞു.

Related News