'വാട്‌സ്‌ആപ്പിലൂടെ അറസ്റ്റ് വാറന്റ്, വീഡിയോ കോളിലൂടെ ചോദ്യം ചെയ്യല്‍'; പിന്നില്‍ തട്ടിപ്പുസംഘങ്ങളാണെന്ന് പൊലീസ്

  • 23/05/2024

നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി സംസ്ഥാനത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് കേരളാ പൊലീസ്. പൊലീസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, സിബിഐ, ഇഡി, സൈബര്‍ സെല്‍ തുടങ്ങിയ ഏജന്‍സികളുടെ പേരിലാണ് തട്ടിപ്പു നടക്കുന്നത്. ഇത്തരം ഏജന്‍സികളുടെ പേരില്‍ വരുന്ന ഫോണ്‍ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്. ഇത്തരം ആവശ്യവുമായി ആരെങ്കിലും ഫോണിലോ ഇമെയില്‍ മുഖേനയോ ബന്ധപ്പെട്ടാല്‍ സൈബര്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.

പൊലീസിന്റെ അറിയിപ്പ്: പോലീസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, TRAI, CBI, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഓര്‍ക്കുക. നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാന്‍ കഴിയും.

അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ സമ്ബാദ്യമോ പണമോ കൈമാറാന്‍ ഒരിക്കലും അവര്‍ ആവശ്യപ്പെടില്ല. ഇത്തരമൊരു ആവശ്യം ആരെങ്കിലും ഫോണിലോ ഇമെയില്‍ മുഖേനയോ ഉന്നയിച്ചാല്‍ ഉടന്‍ തന്നെ 1930 ല്‍ സൈബര്‍ പോലീസിനെ വിവരം അറിയിക്കണം. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബര്‍ തട്ടിപ്പിനെ നേരിടാന്‍ നമുക്ക് കഴിയൂ.

Related News