പറഞ്ഞു മടുത്തു; ഒരു മാസ്റ്റര്‍ പ്ലാന്‍ വേണ്ടേ?; ഒരു മഴ പെയ്താല്‍ ജനം ദുരിതത്തില്‍; സര്‍ക്കാരിനെതിരെ ഹൈക്കോടതി

  • 03/06/2024

കൊച്ചിയിലെ കാനശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഒരു മഴ പെയ്താല്‍ തന്നെ ജനം ദുരിതത്തിലാണെന്നും സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ് മടുത്തുവെന്നും കോടതി അഭിപ്രായപ്പെട്ടു.

നാളെ വോട്ടെണ്ണല്‍ ആണെന്ന് കരുതി കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ മാറ്റി വയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും

മാലിന്യവും കനാലുകളിലെ ചെളിയും നീക്കുന്നത് അടക്കമുള്ള ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ തവണ ഭേദപ്പെട്ട രീതിയില്‍ മഴക്കാലപൂര്‍വ മാലിന്യനീക്കം നടന്നിരുന്നു. അതേ മാതൃകയില്‍ ഇത്തവണയും ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ അത് നടപ്പായില്ല. ഇപ്പോഴാണ് ആ ജോലികള്‍ നടന്നുവരുന്നത്. ഇതിനൊക്കെ മാസ്റ്റര്‍ പ്ലാന്‍ വേണ്ടേയെന്നും മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ അതൊരു അവസരമായി കണ്ട് എത്രയും വേഗം ജോലികള്‍ പൂര്‍ത്തിയാക്കണം. മാലിന്യം വലിച്ചെറിയുന്നതിനെതിരെ നടപടികള്‍ ഉണ്ടാവണം. വ്യക്തിയോ സ്ഥാപനമോ ആകട്ടെ, മാലിന്യം വലിച്ചെറിയുന്നതിനെതിരെ കോര്‍പറേഷന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. 

Related News