മോദി 3.0 ആഘോഷിക്കാൻ 25000 ലഡ്ഡുകൾ ഒരുക്കി പാലക്കാട്ടെ ബിജെപി പ്രവർത്തകർ

  • 03/06/2024

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ഇന്നേ എൻഡിഎയുടെ ജയം ഉറപ്പിച്ച് ആഘോഷങ്ങൾ പ്ലാൻ ചെയ്ത് പാലക്കാട്ടെ ബിജെപി പ്രവർത്തകർ. മോദിയുടെ ഹാട്രിക് വിജയമറിഞ്ഞുടൻ മധുരം പങ്കുവയ്ക്കാനായി 25000 ലഡ്ഡുകളാണ് പാലക്കാട്ടെ ബിജെപി തയാറാക്കിയിരിക്കുന്നത്. അന്തിമഫലം വന്നുടൻ ഒട്ടുവൈകാതെ 12 മണിയോടെ തന്നെ ലഡ്ഡു വിതരണം ചെയ്ത് തുടങ്ങും. പാലക്കാട്ടെ യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലഡ്ഡു ഒരുക്കിയിരിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിയുടെ വിജയം ഒരേ സ്വരത്തിൽ പ്രവചിക്കുക കൂടി ചെയ്ത പശ്ചാത്തലത്തിലാണ് പാലക്കാട്ടെ ബിജെപിയുടെ ആത്മവിശ്വാസം ഇത്ര വർധിച്ചത്. മാത്രമല്ല കേരളത്തിൽ നിന്ന് ഒന്നോ അതിലധികമോ ബിജെപി അംഗങ്ങളെ പാർലമെന്റിലേക്ക് അയയ്ക്കാനാകുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിച്ച സാഹചര്യത്തിൽ കേരളത്തിലെ ബിജെപിയുടെ പ്രതീക്ഷകൾ വാനോളമാണ്. 

ലഡ്ഡു കൊണ്ട് മോദി 3.0 എന്നെഴുതിയാണ് പാലക്കാട് ബിജെപി തെരഞ്ഞെടുപ്പ് ഫലമറിയാൻ കാത്തിരിക്കുന്നത്. 400 എന്ന ലക്ഷ്യത്തിലേക്ക് തങ്ങൾ നടന്നടുക്കുകയാണെന്നും കേവല ഭൂരിപക്ഷം ഉറപ്പാണെന്നും പാലക്കാട്ടെ യുവമോർച്ച നേതാക്കൾ ട്വന്റിഫോറിനോട് പറഞ്ഞു. പാലക്കാട്ടെ ബിജെപി പ്രവർത്തകരെല്ലാം വിജയവാർത്ത കേൾക്കാൻ ആവേശഭരിതരായി കാത്തുനിൽക്കുകയാണെന്നും ഇന്നത്തെ രാത്രിയും ആഘോഷത്തിന്റേതാണെന്നും പാലക്കാട്ടെ യുവമോർച്ച നേതാക്കൾ കൂട്ടിച്ചേർത്തു.

ലോകത്തിലെ എല്ലാവർക്കും ആശ്ചര്യം തോന്നുന്ന തരത്തിലും ലോകത്തിനാകെ മാതൃകയാകുന്ന തരത്തിലുമാണ് മോദിയുടെ പ്രവർത്തനങ്ങളെന്നും പാലക്കാട്ടെ ബിജെപി പ്രവർത്തകർ പറയുന്നു. എക്സിറ്റ് പോളുകൾ പ്രവചിച്ചതിലും അപ്പുറം വിജയമുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ് ബിജെപി പ്രവർത്തകർ. എന്നാൽ എക്സിറ്റ് പോളുകൾ ശരിയല്ലെന്നും നേർവിപരീതം സംഭവിക്കുമെന്നുമാണ് ഇന്ത്യാ മുന്നണിയുടെ പ്രതീക്ഷ.

Related News