വോട്ടര്‍ പട്ടികയില്‍ 21 വരെ പേര് ചേര്‍ക്കാം; അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന്

  • 06/06/2024

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ജൂണ്‍ 21 വരെ വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ അവസരമുണ്ടാകും. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയില്‍ പേര് ചേർക്കാം. 

ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള 50 വാർഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതെരഞ്ഞെടുപ്പുള്ള 50 വാർഡുകളിലെ പ്രവാസി ഭാരതീയർക്കും വോട്ടർപട്ടികയില്‍ പേരു ചേർക്കാം. വോട്ടർപട്ടികയില്‍ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

അക്ഷയ സെന്റർ തുടങ്ങിയ സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുമ്ബോള്‍ ഹീയറിംഗിനുള്ള കമ്ബ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം.

Related News