തൃശ്ശൂർ നിയുക്ത എംപി സുരേഷ് ഗോപി മൂന്നാം മോദി സർക്കാരില്‍ കേന്ദ്ര മന്ത്രിയാകുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. നേരത്തെ കരാർ ഒപ്പിട്ട 4 സിനിമകള്‍ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കില്‍ ചുമതലയേറ്റാല്‍ സിനിമകള്‍ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം. സുരേഷ് ഗോപി നിലവില്‍ തിരുവനന്തപുരത്ത് തുടരുകയാണ്. 12.30നുള്ള വിമാനത്തില്‍ ദില്ലിയിലേക്ക് പോകാനാണ് ആലോചന. കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപിയില്‍ ബിജെപി നേതൃത്വം സമ്മർദം ചെലുത്തുന്നതായാണ് വിവരം.
കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ അംഗമെന്ന നിലയില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ വേണമെന്ന് കേന്ദ്ര നേതൃത്വമാണ് നിർദേശിച്ചത്. രണ്ട് വർഷത്തേക്ക് സിനിമകളില്‍ അഭിനയിക്കാൻ കരാർ ഒപ്പിട്ടെന്നും, അതിന് കേന്ദ്രമന്ത്രി സ്ഥാനം തടസമാകുമോയെന്ന ആശങ്കയും സുരേഷ് ഗോപി നേതൃത്വത്തെ നേരത്തെയും അറിയിച്ചിരുന്നു. എന്നാല്‍ മോദിക്കൊപ്പം ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് ദേശീയ നേതൃത്വം നിർദേശിക്കുകയായിരുന്നു. എന്നാല്‍ ചില ഇളവുകള്‍ തനിക്ക് അനുവദിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നതെന്നാണ് വിവരം.
അതേ സമയം, മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ വെച്ച് നടക്കും. അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ് എന്നിവരെ ഇത്തവണയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. പ്രള്‍ഹാദ് ജോഷിക്കും ജിതൻ റാം മാഞ്ചിക്ക് മന്ത്രി സ്ഥാനം നല്കും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരാകുന്നവർക്ക് അറിയിപ്പ് നല്കി തുടങ്ങിയിട്ടുണ്ട്. എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്നുണ്ടാകില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?