എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ 10000 രൂപ നഷ്ടപ്പെട്ടു; അഞ്ച് വര്‍ഷത്തെ നിയമപോരാട്ടം, ഒടുവില്‍ നഷ്ടപരിഹാരം

  • 11/06/2024

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ 10000 രൂപ നഷ്ടമായെന്ന പരാതിയില്‍ അഞ്ച് വര്‍ഷത്തിന് ശേഷം തീര്‍പ്പ്. കൊല്ലം വനിതാ സെല്ലിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുപ്രഭയ്ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ 40,000 രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. 

2019 ഏപ്രില്‍ 12നാണ് കൊല്ലം വനിതാ സെല്ലിലെ എഎസ്‌ഐ സുപ്രഭ കാനറാ ബാങ്കിന്റെ ഇരവിപുരത്തെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചത്. 20000 രൂപ എടുക്കാന്‍ ശ്രമിച്ചെങ്കിലും 10000 രൂപ മാത്രമേ കിട്ടിയുള്ളൂ. എന്നാല്‍ സുപ്രഭയുടെ എസ്ബിഐ അക്കൗണ്ടില്‍ നിന്നും 20000 രൂപ കുറഞ്ഞു.

പരാതി ബാങ്കിങ് ഓംബുഡ്‌സ്മാന് ഉള്‍പ്പെടെ നല്‍കിയെങ്കിലും ഒന്നിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഒടുവില്‍ കൊല്ലം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് പരാതി നല്‍കുകയായിരുന്നു. അഞ്ച് വര്‍ഷത്തെ നിയപോരാട്ടതിന് ഒടുവില്‍ കാനറ ബാങ്ക് സുപ്രഭയ്ക്ക് പണം തിരികെ നല്‍കി. കേസിന് ചെലവായ തുകയുടെ ഒരു വിഹിതം സഹിതം തിരിച്ചു നല്‍കണമെന്ന് കാനറ ബാങ്കിനോട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു. കൊല്ലം വനിതാ സെല്ലിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറകണ് സുപ്രഭ.

Related News