അവയവക്കടത്ത് പ്രതികള്‍ക്ക് കൊറിയന്‍ സംഘവുമായി ബന്ധം; കോടികളുടെ അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തി: വെളിപ്പെടുത്തല്‍

  • 11/06/2024

അവയവക്കടത്തു കേസിലെ പ്രധാന പ്രതികള്‍ക്ക് കൊറിയയിലെ അവയവക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലും പ്രവര്‍ത്തിക്കുന്ന സമാന ഗ്രൂപ്പുകളുമായി പ്രധാന പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മേധാവി വൈഭവ് സക്സേന ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അവിടെ അവയവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. കടത്തല്‍ എളുപ്പമായതും പ്രതികളെ ആകര്‍ഷിക്കുന്നു. 

ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമപ്രസാദ് എന്ന പ്രതാപന്‍ ആണ് ഇറാന്‍ ആസ്ഥാനമായുള്ള അവയവ വ്യാപാര റാക്കറ്റിന്റെ മുഖ്യ കണ്ണി. ഇയാളാണ് അന്താരാഷ്ട്ര ഇടപാടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ഈ അന്താരാഷ്ട്ര ബന്ധങ്ങള്‍ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തി. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളില്‍ നിന്നുള്ള ദാതാക്കളില്‍ ചിലരെ പ്രതാപന്‍ കൊറിയന്‍ റാക്കറ്റുകളുമായി ബന്ധിപ്പിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

അവയവക്കടത്തു കേസില്‍ അറസ്റ്റിലായ പ്രതാപന്‍, സബിത്ത് നാസര്‍, സജിത്ത് ശ്യാം എന്നിവര്‍ക്കെതിരെ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ കൂടി പ്രത്യേക അന്വേഷണ സംഘം ചുമത്തി. മുഖ്യപ്രതികളിലൊരാളായ കൊച്ചി സ്വദേശി മധുവിനെതിരെയും ഈ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അവയവ റാക്കറ്റിന്റെ ഇരയായ തിരുനെല്ലായി സ്വദേശി ഷമീറിനെ കേസില്‍ മാപ്പുസാക്ഷി ആക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

Related News