വീണാ ജോര്‍ജ് കുവൈത്തിലേക്ക്; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം, പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം

  • 13/06/2024

കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക്. ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും. പരിക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും ധനസഹായമായി നല്‍കാനാണ് തീരുമാനം. 

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിനും കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, എംബസി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി ആവശ്യമായകാര്യങ്ങള്‍ ചെയ്യുന്നതിനുമായാണ് ആരോഗ്യമന്ത്രിയെ അയക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മന്ത്രി സന്ദര്‍ശിക്കും. മന്ത്രി ഇന്നുതന്നെ യാത്രതിരിക്കും. വലിയ ദുരന്തമുണ്ടായ സാഹചര്യത്തില്‍ ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുക, കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേങ്ങള്‍ നടപ്പാക്കുക. കുടുംബങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ കൈമാറുക എന്ന ലക്ഷ്യങ്ങളാണ് സര്‍ക്കാരിനുള്ളത്. മറ്റുകാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസും നോര്‍ക്കയും ഏകോപിപ്പിക്കും. 

കുവൈത്തിലെ തൊഴിലാളി ക്യാമ്ബിലുണ്ടായ ദുരന്തത്തിന് ഇരയായ 15 മലയാളികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അന്‍പതിലേറെ പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Related News