പന്തീരങ്കാവ് ഗാര്‍ഹിക പീഡനകേസ് ; പരാതിക്കാരിയായ യുവതി കസ്റ്റഡിയില്‍

  • 13/06/2024

പന്തീരങ്കാവ് ഗാർ‌ഹിക പീഡനകേസിലെ പരാതിക്കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി എട്ടരോടെയാണ് യുവതി നെടുമ്ബാശേരിയില്‍ വിമാനമിറങ്ങിയത്. ഇതിന് പിന്നാലെ യുവതിയെ വടക്കേകര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. യുവതിയെ നാളെ കോടതിയില്‍ ഹാജരാക്കും എന്നാണ് വിവരം.

താൻ സുരക്ഷിതയാണെന്നും ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും യുവതി കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു. സമ്മർദ്ദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും ഇക്കാര്യം അമ്മയെ അറിയിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി . ബന്ധുക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഭർത്താവായ രാഹുലിനെതിരെ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞിരുന്നു.

അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാൻ കഴിഞ്ഞില്ല. അതില്‍ കുറ്റബോധമുണ്ടെന്നും അന്ന് രഹസ്യമൊഴി നല്‍കിയപ്പോള്‍ അച്ഛന്റെ സമ്മർദ്ദം കാരണമാണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും വീഡിയോയില്‍ യുവതി പറഞ്ഞു.കേസില്‍ മൊഴിമാറ്റവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ വീഡിയോ ആണ് യുവതി പുറത്തുവിട്ടത്.

തനിക്ക് പരാതിയുണ്ടായിരുന്നില്ലെന്നും രാഹുലേട്ടന്റെ കൂടെ പോകാനാണ് ആഗ്രഹിച്ചിരുന്നതെന്നും വീട്ടുകാർ ഇടപെട്ട് കാര്യങ്ങള്‍ വഷളാക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പ്രതിയായ രാഹുല്‍ മകളെ സ്വാധീനിച്ചതായിരിക്കാം മൊഴിമാറ്റത്തിന് കാരണമെന്നാണ് യുവതിയുടെ പിതാവ് നേരത്തെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

Related News