കുവൈത്ത് ദുരന്തം; വിമാനം കൊച്ചിയിലെത്തി; മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനുള്ള ക്രമീകരണം പൂര്‍ത്തിയായി

  • 14/06/2024

കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം അല്‍പസമയത്തിനുള്ളില്‍ കൊച്ചി വിമാനത്താവളത്തിലെത്തും. രാവിലെ 10.30ഓടെയായിരിക്കും കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വിമാനമെത്തുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും.

തുടര്‍ന്ന് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ആംബുലൻസുകളില്‍ മരിച്ചവരുടെ വീടുകളില്‍ എത്തിക്കും. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാൻ മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്നും മന്ത്രിമാരായ പി രാജീവ്, കെ രാജൻ എന്നിവര്‍ പറഞ്ഞു. 45 ഇന്ത്യക്കാര്‍ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളതെന്നും അപകട വിവരം അറിഞ്ഞ സമയം മുതല്‍  കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആവശ്യമായ നടപടികള്‍ ആരംഭിച്ചിരുന്നുവെന്നും മന്ത്രി കെ രാജൻ പറഞ്ഞു. നേരത്തെ രാവിലെ 8.30ന് മൃതദേഹങ്ങള്‍ വഹിച്ചുള്ള വിമാനം എത്തുമെന്നായിരുന്നു അറിഞ്ഞിരുന്നത്. എന്നാല്‍, അവിടെ നിന്നും പുറപ്പെട്ട സമയം അനുസരിച്ച്‌ ഇപ്പോള്‍ 10.30ഓടെ കൊച്ചിയിലെത്തുമെന്നാണ് അറിയിപ്പ് ലഭിച്ചിട്ടുള്ളത്.

ഇന്നലെ മന്ത്രിസഭാ യോഗം ചേര്‍ന്നാണ് ആദ്യം കൊച്ചിയിലേക്ക് കൊണ്ടുവരണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. 23 മലയാളികളുടെയും ഏഴു തമിഴ്നാട്ടുകാരുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളായിരിക്കും കൊച്ചിയിലെത്തിക്കുക.

Related News