സുബിന് വെട്ടേറ്റത് ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തിയപ്പോള്‍; നാടിനെ നടുക്കി കട്ടപ്പനയിലെ കൊലപാതകം, പ്രതി പിടിയില്‍

  • 14/06/2024

ഭാര്യവീട്ടിലെത്തിയ യുവാവിനെ അയല്‍വാസി കോടാലിക്ക് വെട്ടിക്കൊന്ന സംഭവത്തില്‍ നടുങ്ങി നാട്. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കല്‍ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്. കട്ടപ്പന സുവർണഗിരിയില്‍ ഇന്ന് വൈകിട്ടാണ് സംഭവം. ഗർഭിണിയായ ഭാര്യ ലിബിയയെ കാണാനായാണ് സുബിൻ ഇവിടെയെത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസി സുവർണഗിരി വെണ്‍മാന്ത്ര ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികള്‍ പോലീസില്‍ ലഭിച്ചിട്ടുള്ളതാണ്.

ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ വീട്ടിലെത്തിയ സുബിനും അയല്‍വാസിയായ ബാബുവും തമ്മില്‍ വാക്കുതർക്കവും ഉണ്ടാകുകയും അത് സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു.

ഇതേ തുടർന്ന് പ്രകോപിതനായ ബാബു അയല്‍വാസിയായ സുബിനെ കോടാലി കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റു വീണ സുബിനെ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാക്കു തർക്കത്തിനുള്ള കാരണം വ്യക്തമല്ല.

Related News