10 കിലോ ഭാരമുള്ള മുഴ, 61 കാരിയില്‍ ആറ് മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ വിജയം

  • 16/06/2024

ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 61കാരിയുടെ കാലിന്റെ തുടയോട് ചേർന്ന് വളർന്ന 10 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്ത് തൃശൂർ മെഡിക്കല്‍ കോളജ്. തൃശൂര്‍ പുഴക്കല്‍ സ്വദേശിനിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രോഗിക്ക് ഹെപ്പറ്റെറ്റിസ് രോഗം കൂടി ഉണ്ടായിരുന്നത് ശസ്ത്രക്രിയയുടെ സങ്കീര്‍ണത വര്‍ധിപ്പിച്ചിരുന്നു. ശസ്ത്രക്രിയ വിജയമായതോടെ സാധാരണ പോലെ നടക്കാൻ രോഗിക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്. 

മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗവും ഓങ്കോ സര്‍ജറി വിഭാഗവും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഒരു മാസം മുമ്ബാണ് നടക്കാന്‍ പോലും കഴിയാതെ കാലില്‍ വലിയ മുഴയുമായി 61 വയസുകാരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്.

വിദഗ്ധ പരിശോധനയില്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തി. കാലില്‍ തുടയോട് ചേര്‍ന്ന് അതിവേഗം വളര്‍ന്ന 30x30x15 സെന്റീമീറ്റര്‍ വലിപ്പമുള്ള ട്യൂമറായിരുന്നു. കൂടാതെ രോഗിക്ക് ഹെപ്പറ്റെറ്റിസ് ഉണ്ടായിരുന്നതിനാല്‍ അധിക മുന്‍കരുതലുകള്‍ കൂടിയെടുത്തു. ഈ മാസം പത്താം തീയതിയാണ് ശസ്ത്രക്രിയ നടത്തിയത്. ആറു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് കാലിലേക്കുള്ള രക്തക്കുഴലുകള്‍, നാഡീഞരമ്ബുകള്‍ എന്നിവയ്ക്ക് ക്ഷതമേല്‍ക്കാതെ സോഫ്റ്റ് ടിഷ്യൂ സാര്‍ക്കോമ നീക്കം ചെയ്തത്.

Related News