തെരഞ്ഞെടുപ്പ് തോല്‍വി, പാര്‍ട്ടി വോട്ടുകള്‍ പോലും ചോര്‍ന്നു; ഗൗരവകരമായ തിരുത്തല്‍ നടപടികളിലേക്ക് സിപിഎം

  • 17/06/2024

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വൻ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഗൗരവകരമായ തിരുത്തല്‍ നടപടികളിലേക്ക് സിപിഎം. 20 മണ്ഡലങ്ങളിലെ ഫലം വിശദമായി വിലയിരുത്തി. പാർട്ടി വോട്ടില്‍ പോലും ചോർച്ച ഉണ്ടായി. സംസ്ഥാന സമിതിയിലെ ചർച്ച വിശദമായി കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സിപിഎം തീരുമാനിച്ചു.

മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും. തിരുത്തല്‍ നടപടികള്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നല്‍കും. സംസ്ഥാന സമിതിയുടെ അഭിപ്രായം കൂടി കേട്ട ശേഷം മാർഗ്ഗ രേഖ അന്തിമമാക്കും. പാർട്ടി കോട്ടകളില്‍ പോലും ഇടതുസ്ഥാനാർത്ഥികള്‍ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും ബിജെപിയുടെ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നും സിപിഎം വിലയിരുത്തി. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സർക്കാർ ജീവനക്കാരില്‍ വലിയ ഭാഗം എതിരായി വോട്ട് ചെയ്തുവെന്നും പാർട്ടി വിലയിരുത്തുന്നു.

ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോല്‍വി ഏറ്റുവാങ്ങി. പാർട്ടി ഗ്രാമങ്ങളില്‍പ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് തലപുകയ്ക്കുകയാണ് സിപിഎം. സിപിഎം പിബിയില്‍ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നിരുന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തില്‍ വിമർശനം ഉയർന്നു.

Related News