ഇനി 'കോളനി' വേണ്ട;ചരിത്രപരമായ ഉത്തരവിറക്കി കെ രാധാകൃഷ്ണന്റെ പടിയിറക്കം

  • 18/06/2024

ചരിത്രപരമായ ഉത്തരവിറക്കിക്കൊണ്ടാണ് ആലത്തൂരില്‍നിന്ന് എം പിയായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസ്ഥാനമൊഴിഞ്ഞ കെ രാധാകൃഷ്ണന്റെ പടിയിറക്കം. പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങള്‍ കോളനികള്‍ എന്നറിയപ്പെടുന്നതു മാറ്റാനാണ് തീരുമാനം. 

കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരില്‍ അപകര്‍ഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം. പുതിയ ഉത്തരവിനനുസരിച്ച്‌ കോളനികള്‍ ഇനി നഗര്‍ എന്നറിയപ്പെടും. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് പ്രകൃതി എന്നുമാക്കി. ഓരോ പ്രദേശത്തും താല്‍പ്പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാം. തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

ഉന്നതി എംപവര്‍മെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവുമായിരുന്നു മന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ അവസാന പരിപാടി. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്താതെ അവരെ സംരംഭകരാക്കി വളര്‍ത്തുക കൂടിയാണ് ഉന്നതി പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മികച്ച പഠനം നേടിയവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി ഉണ്ടാക്കുകയാണ് ഉന്നതി പദ്ധതിയിലൂടെ ചെയ്യുന്നത്.

Related News