നവകേരള സദസ് തിരിച്ചടിച്ചു, മുസ്ലിം പ്രീണനത്തില്‍ ഭൂരിപക്ഷ സമുദായം അകന്നു; മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയും തോല്‍വിക്ക് കാരണമായെന്ന് സിപിഎം

  • 18/06/2024

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനും സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയും തോല്‍വിക്ക് കാരണമായതായി ചില അംഗങ്ങള്‍ വിമര്‍ശിച്ചു. മൂന്നുദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും തുടരും. 

തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം അല്ലെന്ന നേതാക്കളുടെ പൊതു പ്രസ്താവനകള്‍ യോഗത്തില്‍ അംഗങ്ങള്‍ തള്ളി. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ അടക്കമുള്ള ചില നേതാക്കളുടെ നാക്കുപിഴയും തിരിച്ചടിക്ക് കാരണമായിയെന്ന് സംസ്ഥാന സമിതി യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള അംഗങ്ങളാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചതെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവും, സര്‍ക്കാര്‍ പ്രതീക്ഷയോടെ നടത്തിയ നവകേരള സദസും തെരഞ്ഞെടുപ്പില്‍ നെഗറ്റീവ് ഇംപാക്‌ട് ആണ് ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മുസ്ലിം പ്രീണനം നല്ല പോലെ വ്യക്തമായിരുന്നു. ഇത് ഭൂരിപക്ഷ സമുദായങ്ങളെ പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അകറ്റിയെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും തിരിച്ചടിയായി.

Related News