ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച; നല്‍കാനുള്ളത് 8000രൂപയെന്ന് കെഎന്‍ ബാലഗോപാല്‍

  • 20/06/2024

ക്ഷേമപെന്‍ഷന്‍ അഞ്ചുമാസത്തെ കുടിശിക ഉണ്ടെന്നും ഒരു ഗഡു ഈ മാസം വിതരണം ചെയ്യുമെന്നും കെഎന്‍ ബാലഗോപാല്‍. അഞ്ച് മാസത്തെ കുടിശ്ശിക ഘട്ടംഘട്ടമായി തീര്‍ക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് അടിയന്തര സ്വഭാവമുള്ള വിഷയം അല്ലെന്നും കഴിഞ്ഞ ജനുവരിയില്‍ സഭ ചര്‍ച്ച ചെയ്തതാണന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കുടിശ്ശികയായതോടെ ജനം ദുരിതത്തിലായെന്നും വിഷയം അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നും പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സാമൂഹിക ക്ഷേമ പെന്‍ഷന്റെ നാല് ഗഡു മൂന്ന് മാസത്തിനിടയില്‍ വിതരണം ചെയ്തുവെന്ന് ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു. ജൂണ്‍ മാസത്തെ പെന്‍ഷന്‍ അടുത്തയാഴ്ച്ച മുതല്‍ വിതരണം ചെയ്യും.

അടിയന്തര സ്വഭാവത്തിലുള്ള വിഷയമല്ല ഇതെന്നും പ്രതിപക്ഷത്തിന്റെ മുതലകണ്ണീര്‍ ജനം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം ഈ സര്‍ക്കാരിന്റെ കാലത്ത് ഇരട്ടിയായി. യുഡിഎഫിന്റെ കാലത്ത് 18 മാസത്തെ പെന്‍ഷന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുടിശ്ശികയുണ്ടായിരുന്നെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. 

Related News