ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരമെന്ന് കെഎസ് യു

  • 24/06/2024

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കെഎസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ കെഎസ്‌യു അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെഎസ് യുവിനൊപ്പം എംഎസ്‌എഫും സമരരംഗത്തുണ്ട്.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സര്‍ക്കാറിനെതിരെ ഇന്നലെ സംസ്ഥാന വ്യാപകമായി വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ പ്രതിഷേധ സമരം നടത്തി. പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധമിരമ്ബിയത്. കൊല്ലത്ത് കളക്ടറേറ്റിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സീറ്റ് പ്രതിസന്ധി ഏറെയുള്ള മലപ്പുറത്തായിരുന്നു വലിയ പ്രതിഷേധം. എം എസ് എഫ് , കെ എസ് യു പ്രവര്‍ത്തകര്‍ ആര്‍ഡിഡി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി ഉപരോധിച്ചു. പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. 

സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസമന്ത്രി ആവര്‍ത്തിക്കുന്നതിനിടെ എസ്‌എഫ്‌ഐയും സമരത്തിനിറങ്ങിയത് ശ്രദ്ധേയമായി. മലപ്പുറം കളക്‌ട്രേറ്റിലേക്കായിരുന്നു എസ്‌എഫ്‌ഐയുടെ മാര്‍ച്ച്‌. അതേസമയം എസ് എഫ് ഐ സമരത്തെ വിദ്യാഭ്യാസ മന്ത്രി പരിഹസിച്ചു. കാര്യങ്ങള്‍ അറിയാതെയാണ് എസ്‌എഫ്‌ഐ പ്രതിഷേധമെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം.

Related News