തോമസ് ചാഴിക്കാടന്റെ സിപിഎം വിമര്‍ശനങ്ങള്‍ പൂര്‍ണമായി തള്ളി ജോസ് കെ മാണി; എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കില്ല

  • 25/06/2024

കോട്ടയത്തെ തോല്‍വിയില്‍ തോമസ് ചാഴിക്കാടൻ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വിമർശനങ്ങള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കില്ല. സംസ്ഥാനത്താകെ ഉണ്ടായ രാഷ്ട്രീയ സാഹചര്യം മാത്രമാണ് തോല്‍വിക്ക് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍. തോല്‍വിയെ സംബന്ധിച്ചുള്ള അന്വേഷണവും കേരള കോണ്‍ഗ്രസ് വേണ്ടെന്ന് വച്ചു. മുഖ്യമന്ത്രിയുടെ ചില നിലപാടുകളാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന കേരള കോണ്‍ഗ്രസ് ഉന്നാതാധികാര സമിതിയില്‍ കോട്ടയത്തെ സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴികാടൻ തുറന്നടിച്ചത്. 

പാലായിലെ നവകേരള സദസില്‍ ചാഴിക്കാടനെ മുഖ്യമന്ത്രി പരസ്യമായി ശകാരിച്ചതും തോല്‍വിയിലേക്ക് വഴി തെളിച്ചെന്നും വിമർശനമുയർത്തി. എന്നാല്‍ പാർട്ടി വൈസ് ചെയർമാൻ കൂടിയായ ചാഴിക്കാടന്‍റെ വിമർശനങ്ങള്‍ വയസ്ക്കരകുന്നിലെ പാർട്ടി ഓഫീസിന്റെ ചുവരുകള്‍ക്ക് പുറത്തേക്ക് പോകണ്ടെന്നാണ് ജോസ് കെ മാണിയുടെ തീരുമാനം. 

സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും മാത്രമായി വിമർശിക്കേണ്ടെന്ന് ഉന്നതാധികാര സമിതി യോഗത്തിലും ജോസ് കെ മാണി പറഞ്ഞതാണ്. സിപിഎം കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞത് അന്വേഷിക്കണമെന്ന ചാഴിക്കാടന്റെ ആവശ്യവും പാർട്ടി തള്ളി. ഇതെല്ലാം സിപിഎം നല്‍കിയ രാജ്യസഭ സീറ്റിനുള്ള ചെയർമാന്റെ ഉപകാരസ്മരണ എന്ന് വിലയിരുത്തുന്നവ‍ർ പാ‍ർട്ടിയില്‍ തന്നെയുണ്ട്. ഇക്കൂട്ടർക്ക് നേതൃത്വത്തിന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പാണ്. അതൃപ്തിയിലുള്ള ചില ഉന്നതാധികാര സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ പാർട്ടി വിടാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നു. പി ജെ ജോസഫ് വിഭാഗവുമായി ചില അനൗദ്യോഗിക ചർച്ചകള്‍ നടന്നു കഴിഞ്ഞുവെന്നാണ് വിവരങ്ങള്‍.

Related News