കനത്ത മഴ, മണ്ണിടിച്ചില്‍; ഇടുക്കിയിലെ മലയോര മേഖലയില്‍ അതീവ ജാഗ്രത, മൂന്നാറില്‍ 3 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു

  • 25/06/2024

കനത്ത മഴയില്‍ മരണവും നാശനഷ്ടങ്ങളും സംഭവിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ല അതീവ ജാഗ്രതയിലേക്ക്. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാനുള്ള മുന്നൊരുക്കത്തിലാണ് ജില്ലാ ഭരണകൂടം. കഴിഞ്ഞ ദിവസം നേര്യമംഗലത്ത് ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറിന് മുകളിലേയ്ക്ക് മരം കടപുഴകി വീണ് മധ്യവയസ്കൻ മരിച്ചു. ഇതിന് തൊട്ടു പിന്നാലെയാണ് മൂന്നാറില്‍ വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചത്.

അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന മാലയുടെ (42) മുകളിലേയ്ക്കാണ് മണ്ണിടിഞ്ഞ് പതിച്ചത്. മൂന്നാർ ലക്ഷം കോളനിയിലാണ് സംഭവം. 20 അടിയോളം ഉയരത്തില്‍ നിന്നും മണ്ണിടിഞ്ഞ് വീടിന്റെ അടുക്കള ഭാഗത്ത് വീഴുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മകള്‍ നാട്ടുകാരെ വിളിച്ചു കൂട്ടി. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും സംയുക്തമായി ശ്രമിച്ചാണ് വീട്ടമ്മയെ പുറത്തെടുത്തത്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്നാറില്‍ അപകട സാധ്യതാ പ്രദേശങ്ങളിലെ വീടുകളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങി. മൂന്ന് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. മൂന്നാർ കോളനിയിലെ കുടുംബങ്ങളെ താല്‍ക്കാലിക ക്യാമ്ബിലേക്ക് മാറ്റി. പഴയ മൂന്നാർ സിഎസ്‌ഐ പള്ളി ഹാളിലാണ് താല്‍ക്കാലിക ക്യാമ്ബ് തുറന്നത്. ദേവികുളം സബ് കളക്ടർ വി എം ജയകൃഷ്ണൻ സിഎസ്‌ഐ. ഹാളിലെ ക്യാമ്ബില്‍ എത്തി. കുടുംബങ്ങളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരുമായി ചർച്ച നടത്തി. മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുളള യാത്രക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.

Related News