ക്വാറിയുടമയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍; അറസ്റ്റിലായത് ആക്രി കച്ചവടക്കാരന്‍ അമ്ബിളി

  • 25/06/2024

സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ക്വാറിയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. നേമം സ്വദേശിയായ ആക്രി കച്ചവടക്കാരന്‍ അമ്ബിളിയാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്ത് നിന്ന് പിടികൂടിയ പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.

കഴിഞ്ഞദിവസം മലയന്‍കീഴ് സ്വദേശി ദീപുവിനെയാണ് (44) കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ട കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കന്യാകുമാരി എസ്പി സുന്ദര വദനത്തിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം അംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിന്‍കരയ്ക്കും അമരവിളയ്ക്കും ഇടയില്‍ വച്ചാണ് പ്രതി കാറില്‍ കയറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തെര്‍മോകോള്‍ കട്ടര്‍ ഉപയോഗിച്ചാണ് പ്രതി കൃത്യം നിര്‍വഹിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞദിവസം രാത്രി സമയം 10.12നുള്ള ദൃശ്യങ്ങളില്‍ കാറില്‍ നിന്ന് ഇറങ്ങി ഒരാള്‍ മുന്നോട്ടുനടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാളുടെ കയ്യില്‍ ഒരു ബാഗ് ഉണ്ട്. കാലിന് മുടന്ത് പോലെ തോന്നിപ്പിക്കുന്നയാള്‍ നടന്നുനീങ്ങുന്നതായാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ ഇയാളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Related News