സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടാണ്. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നും ജില്ലകളിലും ഇരിട്ടി താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
മലപ്പുറം ചെമ്ബ്രശ്ശേരിയില്‍ മഴയില്‍ വീട് തകർന്ന് വീണു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകർന്ന് വീണത്. അപകടത്തില്‍ വീട് പൂർണ്ണമായും തകർന്നു. അപകടം സമയത്ത് വീടിനകത്തുണ്ടായിരുന്ന സുരേഷും, ഭാര്യയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മലപ്പുറം കൊണ്ടോട്ടിയില്‍ വീടിൻ്റെ മുറ്റവും മതിലും ഇടിഞ്ഞ് വീണു. ചേപ്പിലിക്കുന്ന് കുടുക്കില്‍ കൊയപ്പ രാജേഷിൻ്റെ വീടിൻ്റെ മുറ്റമാണ് ഇടിഞ്ഞത്. തറയ്ക്ക് വിള്ളലും ഉണ്ടായിട്ടുണ്ട്. 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേരാണ് വീട്ടില്‍ താമസിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ ഇടവിട്ട് മഴ തുടരുകയാണ്. പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ ശക്തമായ കാറ്റില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകർന്നു. ചാലിയർ പുഴയുടെ കുറുകെയുള്ള ഊർക്കടവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ 17 ഷട്ടറുകളും ഉയർത്തി. കനത്ത മഴയില്‍ കോഴിക്കോട് കോട്ടൂളിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ മതില്‍ ഇടിഞ്ഞു വീണു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് അപകടം. ഇരുപത് മീറ്റർ ഉയരത്തിലുള്ള കോണ്‍ഗ്രീറ്റ് മതില്‍ ആണ് തകർന്നത്. അപകട സാധ്യത തുടരുന്നതിനാല്‍ 8 കുടുംബങ്ങളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. മഴ തുടർന്നാല്‍ മതിലും മണ്ണും ഇനിയും തകർന്ന് വീഴാൻ സാധ്യത.
കോഴിക്കോട് കനത്തമഴയില്‍ കിണർ ഇടിഞ്ഞു താഴ്ന്നു. തൊട്ടില്‍പ്പാലത്ത് വലിയ പറമ്ബത്ത് സക്കീനയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോഴിക്കോട് ചക്കിട്ടപാറയില്‍ ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ വീട് ഭാഗികമായി തകർന്നു. പറമ്ബല്‍ വാളാംപൊയില്‍ ത്രേസ്യാമ്മയുടെ വീടാണ് തകർന്നത്. കിടപ്പ് രോഗിയാണ് ത്രേസ്യാമ്മ. മകനും കുടുംബവും ഒപ്പമുണ്ട്. തലനാരിഴക്കാണ് പരിക്കേല്‍ക്കാത ഇവര്‍ രക്ഷപ്പെട്ടത്. വീട് പൂർണ്ണമായും അപകടാവസ്ഥയിലാണ്. നാട്ടുകാര്‍ കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കാൻ നടപടി തുടങ്ങി. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?