ടി പി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ്; സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി ആഭ്യന്തര വകുപ്പിന്‍റെ വൻ വീഴ്ച

  • 27/06/2024

ടിപി കേസ് പ്രതികളുടെ ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കത്തിലും സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി ആഭ്യന്തര വകുപ്പിന്‍റെ വൻ വീഴ്ച. ഹോം സെക്രട്ടറിയും നിയമമന്ത്രിയും വരെ തടയിട്ടിട്ടും പ്രതികളെ വിട്ടയക്കാനുള്ള ശുപാർശ ലിസ്റ്റില്‍ പൊലീസിന്‍റെ തുടർ നടപടി അക്ഷരാർത്ഥത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ ഉത്തരം മുട്ടിച്ചു. ലോക്സസഭാ തെര്‍ഞ്ഞെടുപ്പ് അവലോകനത്തിലും തെറ്റ് തിരുത്തല്‍ ചര്‍ച്ചകളിലും ഏറ്റവും അധികം പഴി കേട്ടത് ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചകളാണ്.

ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് മറ്റാരോ ആണെന്ന വിമര്‍ശനം വരെ മുഖ്യമന്ത്രിക്കെതിരെ വന്നു. ഇതിന്‍റെ ചൂടാറും മുൻപാണ് ടിപി കേസിലെ പ്രഹരം കൂടി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് തല്‍കാലം കൈ കഴുകിയെങ്കിലും പാര്‍ട്ടിയാകെ കടുത്ത പ്രതിരോധത്തിലാണ്. അനര്‍ഹരെ ഒഴിവാക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി ജൂണ്‍ മൂന്നിനാണ് കത്തയച്ചത്. ജൂണ്‍ 13 ന് ജയില്‍ വകുപ്പും പിന്നാലെ പൊലീസും തുടര്‍ നടപടി സ്വീകരിച്ചു.

സര്‍ക്കാര്‍ നിലപാട് നിയമമന്ത്രി വ്യക്തമാക്കിയിട്ടും വിട്ടയക്കല്‍ ശുപാര്‍ശയുമായി പൊലീസ് മുന്നോട്ട് പോയത് നിയസഭക്ക് അകത്ത് സ്പീക്കറെ പോലും പ്രതിരോധത്തിലാക്കി. ആഭ്യന്തര വകുപ്പിന് മുകളില്‍ പറക്കുന്ന പരുന്ത് ആരെന്നാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം. സിദ്ധാര്‍ത്ഥൻ മരണം സിബിഐക്ക് വിടാൻ തീരുമാനിച്ചിട്ടും ഫയല്‍ വച്ചുതാമസിപ്പിച്ചത് സിപിഎമ്മിനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്.

Related News