കരുവന്നൂര്‍ കള്ളപ്പണക്കേസിലെ ഇഡി നടപടി; 'കേസെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണോയെന്ന് നോക്കിയല്ല'; ഗവര്‍ണര്‍

  • 29/06/2024

കരുവന്നൂർ കേസിലെ ഇഡി നടപടിയെ ന്യായീകരിച്ച്‌ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് നോക്കിയല്ലെന്ന് പറഞ്ഞ ഗവർണർ നടപടി നിയമലംഘനമുള്ളത് കൊണ്ടെന്നും വ്യക്തമാക്കി.

ഇന്നലെയാണ് കരുവന്നൂർ കള്ളപ്പണ കേസില്‍ ഇഡി നിർണായക നടപടി സ്വീകരിച്ചത്. സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്‍റെ സ്ഥലവും സിപിഎമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമടക്കമാണ് ഇഡി പിടിച്ചെടുത്തത്. 

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നാംഘട്ട സ്വത്തു മരവിപ്പിക്കലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റേത്. 29 കോടിയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. കണ്ടുകെട്ടിയതില്‍ അധികവും ബാങ്കില്‍ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ്. സിപിഎം തൃശൂ‍ർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാ‍ർട്ടി കമ്മിറ്റി ഓഫീസിനായുളള സ്ഥലവും കണ്ടുകെട്ടിയതില്‍പ്പെടുന്നു. സിപിഎമ്മിന്‍റെ എട്ട് ബാങ്ക് അക്കൗണ്ടുകളിലും ഇതിലുണ്ടായിരുന്ന അറുപത് ലക്ഷം രൂപയും മരവിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിനേക്കൂടി പ്രതി സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ഇ‍ഡിയുടെ നടപടി. 

കരുവന്നൂർ കളളപ്പണ ഇടപാടില്‍ സിപിഎം തൃശൂർ ജില്ലാ നേതൃത്വത്തിന്‍റെ അറിവും ഇടപാടില്‍ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടി സ്വത്തുക്കള്‍കൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്സ്മെന്‍റ് കടന്നത്. കരുവന്നൂർ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്ന് എൻഫോഴ്സ്മെന്‍റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Related News