വിജ്ഞാനോത്സവത്തോടെ നാലുവര്‍ഷ ബിരുദ ക്ലാസുകള്‍ക്ക് നാളെ തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രി

  • 30/06/2024

വിജ്ഞാനോത്സവത്തോടെ സംസ്ഥാനത്തെ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിലും സർവകലാശാലകളിലും നാലുവർഷ ബിരുദ ക്ലാസുകള്‍ക്ക്‌ തിങ്കളാഴ്ച തുടക്കമാകും. തിരുവനന്തപുരം ഗവ. വനിതാ കോളേജില്‍ പകല്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കും. ഉദ്ഘാടനപരിപാടി എല്ലാ ക്യാമ്ബസുകളിലും തത്സമയം കാണാം. തുടർന്ന് ക്യാമ്ബസുതല ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കും.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് നാലുവർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നത്‌. യുജിസി മുന്നോട്ടുവച്ച മിനിമം ക്രെഡിറ്റ്, കരിക്കുലം ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്തും കേരളത്തിന്റേതായ ബദലുകള്‍ ഉള്‍ക്കൊള്ളിച്ചുമാണ് കരിക്കുലം ചട്ടക്കൂട്. മൂന്നുവർഷം കഴിയുമ്ബോള്‍ ബിരുദം നേടി പുറത്തുപോകാനും താല്‍പര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ഓണേഴ്സ് ബിരുദം നേടാനും റിസർച്ച്‌ താല്‍പര്യം ഉള്ളവർക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച്‌ ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് ഘടന.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ വർഷം മുതല്‍ എല്ലാ സർവകലാശാലകളിലും ആർട്‌സ് ആന്റ് സയൻസ് കോളജുകളില്‍ നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.

Related News