ജൂണില്‍ 25 ശതമാനം മഴക്കുറവ്; കേരളത്തില്‍ ഈ മാസം സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം

  • 01/07/2024

ജൂലൈയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചന പ്രകാരം ജൂലൈ മാസത്തില്‍ കേരളത്തില്‍ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാനാണ് സാധ്യത. രാജ്യത്ത് പൊതുവെയും സാധാരണയില്‍ കൂടുതല്‍ മഴ സാധ്യതയാണ് ഉള്ളത്. 

ജൂലൈ മാസത്തിലും പസഫിക്ക് സമുദ്രത്തില്‍ എൻസോ പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തില്‍ ഇന്ത്യൻ ഓഷ്യൻ ഡൈപോള്‍ (ഐഒ‍ഡി) പ്രതിഭാസവും ന്യൂട്രല്‍ സ്ഥിതിയില്‍ തുടരാനാണ് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികള്‍ ജൂണ്‍ മാസത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ പ്രവചിച്ചിരുനെങ്കിലും ജൂണ്‍ മാസത്തില്‍ കേരളത്തില്‍ 25 ശതമാനം മഴക്കുറവ് ആയിരുന്നു. എന്നാല്‍ ജൂലൈയില്‍ അന്താരാഷ്ട്ര ഏജൻസികളുടെ പ്രവചനം സമ്മിശ്രമാണെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.

ജൂണില്‍ ശരാശരി 648.2 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 489.2 എംഎം മഴ മാത്രമാണ്. എങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ മെച്ചപ്പെട്ട മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികള്‍ ഇത്തവണ ജൂണില്‍ സാധാരണയില്‍ കൂടുതല്‍ മഴ പ്രവചിച്ചിരുനെങ്കിലും പ്രതീക്ഷിച്ച പോലെ മഴ ലഭിച്ചില്ല.

കഴിഞ്ഞ വർഷം 60 ശതമാനം മഴക്കുറവ് ആയിരുന്നു. 1976 നും 1962 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസമായിയിരുന്നു 2023ലേത്. 30 ദിവസത്തില്‍ ആറ് ദിവസം മാത്രമാണ് ഇത്തവണ സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചത്. എല്ലാ ജില്ലകളിലും ഇത്തവണയും സാധാരണയെക്കാള്‍ കുറവ് മഴയാണ് ലഭിച്ചത്. ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂർ ( 757.5 എംഎം) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ (879.1mm)14 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. 

Related News