അമ്ബലപ്പുഴയില്‍ ക്ഷേത്ര കല്‍പ്പടവില്‍ ചെരിപ്പ്; തിരച്ചിലിനൊടുവില്‍ കുളത്തില്‍ യുവാവിന്റെ മൃതദേഹം

  • 07/07/2024

അമ്ബലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്ര കുളത്തില്‍ നിന്നും കണ്ടെത്തി. ആലപ്പുഴ അമ്ബലപ്പുഴ കോമന മണ്ണാരു പറമ്ബ് രാധാകൃഷ്ണന്റെ മകന്‍ മുകേഷിന്റെ (38) മൃതദേഹമാണ് അമ്ബലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കുളത്തില്‍ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയില്‍ വീട്ടില്‍ വഴക്കുണ്ടായപ്പോള്‍ ക്ഷേത്രക്കുളത്തില്‍ ചാടി മരിക്കുമെന്ന് യുവാവ് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. 

രാവിലെ ക്ഷേത്ര കല്‍പ്പടവില്‍ യുവാവിന്റെ ചെരിപ്പും കുളത്തിന്റെ വടക്കു ഭാഗത്തായി ബൈക്കും കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അമ്ബലപ്പുഴ പൊലീസും തകഴിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ് സുരേഷിന്റെ നേതൃത്വത്തില്‍ സ്‌കൂബാ നീന്തല്‍ വിദഗ്ധന്‍ യു സുമേഷ് നടത്തിയ തിരച്ചിലിനൊടുവില്‍ 11.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയതിനാല്‍ ക്ഷേത്രക്കുളം പൂര്‍ണമായും വറ്റിച്ച്‌ പരിഹാരക്രിയകള്‍ക്ക് ശേഷം മാത്രമേ ക്ഷേത്ര നട തുറക്കുകയുള്ളൂവെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജയലക്ഷ്മി പറഞ്ഞു.

Related News