ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്ര; കുടുങ്ങിയത് മൊറയൂര്‍ സ്വദേശി സുലൈമാൻ, 9 കുറ്റങ്ങള്‍, 45,500 രൂപ പിഴ

  • 09/07/2024

ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രയില്‍ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ കേസെടുത്തു. 9 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്റെ ഉടമയാണ് സുലൈമാൻ. ഇയാള്‍ക്കെതിരെയാണ് എല്ലാ കുറ്റങ്ങളും ചുമത്തിയത്. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നല്‍കിയതിലും ഉടമക്കെതിരെ കേസുണ്ട്. 

ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. നേരത്തെ, ലൈസൻസ് വിവരങ്ങള്‍ കണ്ണൂർ ആർടിഒയില്‍ നിന്ന് തേടിയിരുന്നു. ആകാശിൻ്റെ ലൈസൻസ് വിവരങ്ങള്‍ ലഭിച്ചാല്‍ ലൈസൻസ് ഇല്ലെന്ന കുറ്റം ഒഴിവാകും. വാഹനത്തിൻ്റെ ആർസി സസ്പെൻഡ് ചെയ്യാനും ശുപാർശ ചെയ്തിട്ടുണ്ട്.

അതേസമയം, ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാഹനത്തിൻ്റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. ഏഴാം തീയതി വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ ഇന്ന് പൊലീസില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടിയുണ്ടായത്.  

Related News