പിഎസ് സി അംഗത്വത്തിന് കോഴ:അന്വേഷണം വൈകിപ്പിക്കുന്നതില്‍ ദുരൂഹത,ഒതുക്കി തീര്‍ക്കാനുള്ള നീക്കമെന്ന് കെസുധാകരന്‍

  • 09/07/2024

പി.എസ്.സി അംഗത്വ നിയമനത്തിന് കോഴിക്കോട്ടെ സിപിഎം നേതാവ് കൈക്കൂലി വാങ്ങിയെന്ന പരാതി ഉയര്‍ന്നിട്ടും വിജിലന്‍സ് അന്വേഷണം പോലും നടത്താത്തത് ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ സിപിഎമ്മിനെ അടപടലെ ബാധിക്കുന്ന വിഷയമായതിനാല്‍ കോഴ ആരോപണം ഒതുക്കി തീര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്.

സംസ്ഥാനത്തെ ഒരു മന്ത്രിയുടെയും ഭരണകക്ഷിയില്‍പ്പെട്ട എം.എല്‍.എമാരുടെയും പേര് പറഞ്ഞ് പണം കൈപ്പറ്റിയെന്നതാണ് ആരോപണം. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്. പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ആരോപണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.അതല്ലാതെ സിപിഎം സ്വന്തം നിലയില്‍ അന്വേഷണം നടത്തി വിധി പ്രഖ്യാപിക്കാനിത് അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമല്ലെന്നും സുധാകരന്‍ പറഞ്ഞു.

നിലവിലുള്ള പിഎസ്സി അംഗങ്ങളില്‍ എത്രപേര്‍ ഇത്തരത്തില്‍ കോഴ നിയമനത്തിലൂടെ കയറിയവരാണ് എന്നതുകൂടി അന്വേഷണത്തിന് വിധേയമാക്കണം. കോഴ നല്‍കി പി.എസ്.സി അംഗത്വം നേടുന്നവര്‍ നിയമന തട്ടിപ്പിലൂടെ ആയിരിക്കണം ഇത്തരം പണം വസൂലാക്കുന്നത് .എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നു വന്ന പല നിയമന തട്ടിപ്പുകളുടെയും പിന്നില്‍ ഇത്തരത്തിലുള്ള ഇടപാടുകള്‍ ഉണ്ടോയെന്നത് അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Related News