മത്സരത്തിന് കൊണ്ടുപോയ പെണ്‍കുട്ടിയെ തെങ്കാശിയിലെ ലോഡ്ജില്‍ പീഡിപ്പിച്ചു, കോച്ച്‌ മനു കുറ്റം സമ്മതിച്ചതായി പൊലീസ്

  • 09/07/2024

ക്രിക്കറ്റ് മത്സരത്തിനെന്ന പേരില്‍ പെണ്‍കുട്ടിയെ തമിഴ്നാട്ടിലെ തെങ്കാശിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) കോച്ച്‌ മനു സമ്മതിച്ചതായി പൊലീസ്. കന്റോണ്‍മെന്റ് പൊലീസ് തെളിവെടുപ്പിനായി തെങ്കാശിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ കുറ്റസമ്മതം.

2017-18 കാലയളവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 6 കേസുകളാണു മനുവിനെതിരെ ചുമത്തിയിട്ടുള്ളത്. തെളിവെടുപ്പിനു ശേഷം മനു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. തെങ്കാശിയിലെ ലോഡ്ജില്‍വച്ച്‌ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മനു പൊലീസിനോടു പറഞ്ഞത്. എന്നാല്‍ മറ്റു പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടില്ലെന്നു പറഞ്ഞതു പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പെണ്‍കുട്ടികളുടെ മൊഴികളും സാഹചര്യത്തെളിവുകളും വച്ചാണ് കേസെടുത്തത്. മനുവിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ബിസിസിഐക്കും കെസിഎയ്ക്കും നല്‍കാനായി ശരീരഘടന മനസ്സിലാക്കാനെന്നു തെറ്റിദ്ധരിപ്പിച്ച്‌ നഗ്‌നചിത്രങ്ങളെടുത്തെന്നും ഇതു കാണിച്ച്‌ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്. ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന ടൂര്‍ണമെന്റുകള്‍ക്കിടയിലും പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. അനുസരിക്കാത്ത പെണ്‍കുട്ടികളെ പരിശീലനത്തില്‍നിന്ന് ഒഴിവാക്കുകയും ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കെസിഎ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വച്ചാണ് പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളെടുക്കുകയും ഉപദ്രവിക്കുകയും ചെയ്തതെന്നാണ് പരാതി. 


Related News