അഞ്ച് ജില്ലകളില്‍ ഇടിമിന്നലോടെ മഴ, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കടലാക്രമണത്തിനും സാധ്യത; കാലാവസ്ഥ പ്രവചനം ഇങ്ങനെ

  • 11/07/2024

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് പ്രവചനം. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. 

കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും മുന്നറിയിപ്പില്‍ പറയുന്നു. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെയും രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

Related News