33 വര്‍ഷത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമായ ചരിത്രദിനം; ഉമ്മൻചാണ്ടിക്കും നന്ദി: കരണ്‍ അദാനി

  • 12/07/2024

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് ചരിത്ര നിമിഷമാണെന്ന് അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനി. ഇന്ന് ചരിത്രദിനമാണ്. 33 വർഷം നീണ്ട സ്വപ്നമാണ് യാഥാർത്ഥ്യമായത്. ലോകോത്തര നിലവാരമുള്ള തുറമുഖം നിർമ്മിക്കുമെന്ന വാഗ്ദാനമാണ് പാലിച്ചിരിക്കുന്നത്. സഹകരണത്തിന് കേരളത്തിനും മലയാളികള്‍ക്കും നന്ദിയെന്നും കരണ്‍ അദാനി പറഞ്ഞു.

ഇന്ത്യന്‍ സമുദ്ര ചരിത്രത്തിലെ തിളക്കമാര്‍ന്ന നേട്ടത്തിന്റെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ. വിഴിഞ്ഞം തുറമുഖത്തെ കുറിച്ച്‌ ലോകത്തോട് വിളിച്ചുപറയുന്ന ദൂതനാണ് സാന്‍ ഫെര്‍ണാണ്ടോയെന്നും കരണ്‍ അദാനി പറഞ്ഞു. ഇത്തരമൊരു പദ്ധതി പൂർത്തീകരിച്ചതിന് പിന്നില്‍ വളരെയേറെ പിന്തുണ ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രതിസന്ധി ഘട്ടങ്ങളിലടക്കം മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച പിന്തുണയാണ് നല്‍കിയത്.

പദ്ധതിക്ക് കേന്ദ്രസർക്കാരും മികച്ച സഹകരണമാണ് നല്‍കിയത്. തിരുവനന്തപുരം എംപി ശശി തരൂർ, അന്തരിച്ച ഉമ്മൻചാണ്ടി തുടങ്ങിയവരും മികച്ച പിന്തുണ നല്‍കി. രാഷ്ട്രീയവ്യത്യാസം മറന്ന് ഒന്നിച്ച എല്ലാവർക്കും അദാനി ഗ്രൂപ്പിന്റെ നന്ദി അറിയിക്കുന്നതായി കരണ്‍ അദാനി വ്യക്തമാക്കി. പാരിസ്ഥിതികാനുമതി ഉള്‍പ്പെടെയുള്ള അനുമതികള്‍ ലഭിച്ചാല്‍ ഉടന്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ബാക്കിയുള്ള ഘട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒക്ടോബറില്‍ തന്നെ ഇത് സാധ്യമാകുമെന്നാണ് കരുതുന്നതെന്നും കരണ്‍ അദാനി പറഞ്ഞു.

Related News