അദാനിക്ക് നന്ദി, വികസന അധ്യായത്തിന്റെ പുതിയ ഏട്, വിഴിഞ്ഞം പദ്ധതിയിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടംപിടിച്ചെന്ന് മുഖ്യമന്ത്രി

  • 12/07/2024

വിഴിഞ്ഞം പദ്ധതിയിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടംപിടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന അധ്യായത്തിന്റെ പുതിയ ഏട്. ഏറെ അഭിമാനകരമായ നേട്ടമെന്നും വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. 

ഇപ്പോള്‍ നടക്കുന്നത് ട്രയല്‍ റണ്‍ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം ഇതോടെ ആരംഭിക്കുകയാണ്. പൂർണ്ണതോതിലുള്ള പ്രവർത്തനം ഉടൻ ആരംഭിക്കും. 2028-ഓടെ വിഴിഞ്ഞം സമ്ബൂർണ തുറമുഖമായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ പ്രതിബദ്ധത നല്ലരീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. പദ്ധതി പൂര്‍ത്തിയാക്കാൻ കാണിച്ച സഹകരണത്തിന് ചടങ്ങില്‍ സന്നിഹിതനായിരുന്ന കരണ്‍ അദാനിക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ല. ഇനി മൂന്നു ഘട്ടം കൂടി പൂര്‍ത്തിയാക്കാനുണ്ട്. 2028 ഓടെ വിഴിഞ്ഞം തുറമുഖം സമ്ബൂര്‍ണ തുറമുഖമായി മാറും. അപ്പോള്‍ ഇന്ത്യക്ക് മാത്രമല്ല, അയല്‍രാജ്യങ്ങള്‍ക്ക് കൂടി ഈ തുറമുഖം സഹായകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നമ്മുടെ രാജ്യത്ത് മുഖ്യ കടല്‍പ്പാതയോട് ചേര്‍ന്നു നില്‍ക്കുന്ന മറ്റൊരു തുറമുഖമില്ല. അഴിമതി സാധ്യതകളെല്ലാം അടച്ചാണ് തുറമുഖം പ്രവര്‍ത്തന സജ്ജമാക്കിയതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Related News