'എന്തു ചെയ്തു ഇത്ര നാള്‍', ഒരാളുടെ തിരോധാനം വേണ്ടിവന്നു മാലിന്യം നീക്കാൻ, രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ്

  • 14/07/2024

മാലിന്യനീക്കത്തിന് ഒരു മനുഷ്യന്റെ തിരോധാനം വേണ്ടി വന്നു എന്നത് സങ്കടകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രക്ഷാപ്രവര്‍ത്തനം വിജയത്തിലെത്തട്ടെ. അലക്കിത്തേച്ച വടിവൊത്ത വാക്കുകള്‍ കൊണ്ട് മറുപടി പറയുന്ന മന്ത്രിയുടെ അലക്കിത്തേപ്പ് മഴക്കാല പൂര്‍വശുചീകരണത്തിലില്ല. പകര്‍ച്ച വ്യാധികള്‍ തടയാന്‍ നേരമില്ലാത്ത ആരോഗ്യമന്ത്രിയാണ് ക്രിമിനലുകളെ മാലയിട്ട് സ്വീകരിക്കുന്നതെന്നും അദ്ദേഹം എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യക്കൂമ്ബാരത്തില്‍ വീണ ആളെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമം വിജയത്തില്‍ എത്തട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നു. നഗരത്തിലെ മുഴുവന്‍ മാലിന്യവുമാണ് അവിടെ അടിഞ്ഞു കൂടിയിരിക്കുന്നത്. നിലവില്‍ സ്‌കൂബാ ഡൈവിങ് ടീമും റോബോട്ട്‌സും അവിടെ എത്തുകയും മാലിന്യങ്ങള്‍ ടണ്‍ കണക്കിന് നീക്കം ചെയ്തിട്ടുമുണ്ട്. ഇതിനെല്ലാം ഒരു മനുഷ്യന്റെ തിരോധാനം വേണ്ടി വന്നു എന്നത് സങ്കടകരമാണ്.

മഴക്കാല പൂര്‍വ ശുചീകരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തദ്ദേശ മന്ത്രി പരിഹസിക്കുകയായിരുന്നു. അലക്കിത്തേച്ച വടിവൊത്ത വാക്കുകള്‍ കൊണ്ട് പ്രതിപക്ഷത്തെ പരിഹസിച്ച തദ്ദേശ മന്ത്രിയോട് ചോദിക്കാനുള്ളത്, നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു ഇത്ര നാള്‍ എന്നതാണ്. റെയില്‍വെയും കോര്‍പറേഷനും തമ്മിലുള്ള തര്‍ക്കമാണെന്നാണ് പറയുന്നത്.

Related News