ആലുവയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നിട്ട് ഒരു വര്‍ഷം; വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധം

  • 27/07/2024

ആലുവയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്ന ക്രൂരത നടന്നിട്ട് ഇന്ന് ഒരു വര്‍ഷം. അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയെങ്കിലും കേസിലെ പ്രതി അസ്ഫാക്ക് ആലത്തിന്‍റെ വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ കുഞ്ഞിന്‍റെ കുടുംബത്തിന് കടുത്ത പ്രതിഷേധമുണ്ട്. കുട്ടിയുടെ കുടുംബത്തിന് വീട് നല്‍കുമെന്ന ജനപ്രതിനിധികളുടെ വാഗ്ദാനവും ഇനിയും നടപ്പായിട്ടില്ല.

വാടക വീട്ടിലെ ഷെല്‍ഫില്‍ നിത്യവും ആരാധിക്കുന്ന ദൈവങ്ങള്‍ക്കൊപ്പമാണ് ആ അമ്മ നിറഞ്ഞു ചിരിക്കുന്ന കുഞ്ഞു മാലാഖയുടെ ചിത്രമിന്നും സൂക്ഷിച്ചിരിക്കുന്നത്. അതിക്രൂരമായി കൊലചെയ്യപ്പെട്ട പിഞ്ചുമകളുടെ ഓര്‍മകളിന്നും വല്ലാതെ വേട്ടയാടുന്നുണ്ട് ഈ കുടുംബത്തെ. മകളെ എപ്പോഴും ഓർമ വരും. അവളെ തിരിച്ചുതരണേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കും.

മകളുടെ കൊലയാളിയ്ക്ക് കോടതി നല്‍കിയ വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ രോഷമുണ്ട്- "മകള്‍ക്ക് എന്ന് നീതി കിട്ടുമെന്നറിയില്ല. എത്രകാലം വിധി നടപ്പാക്കാൻ കാത്തിരിക്കണമെന്നും അറിയില്ല". കുഞ്ഞിന്‍റെ കുടുംബത്തിന് വീടു വച്ചു നല്‍കുമെന്നൊക്കെ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. പക്ഷേ ഒരു വര്‍ഷത്തിനിപ്പുറവും ഒന്നും നടന്നിട്ടില്ല.

Related News