ചൂരല്‍ മലയിലേക്കുള്ള റോഡില്‍ ഗതാഗത തടസ്സം; സൈന്യം എത്തിക്കുന്ന സാമഗ്രികള്‍ കൊണ്ടുവരാൻ വഴിയൊരുക്കണമെന്ന് കളക്ടര്‍

  • 31/07/2024

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍ മലയിലേക്കുള്ള റോഡില്‍ ഗതാഗത തടസ്സം. ഉദ്യോഗസ്ഥരുടെ അടക്കം വാഹനങ്ങള്‍ റോഡില്‍ നിർത്തിയിട്ടിരിക്കുന്നതാണ് ഗതാഗത തടസ്സത്തിന് കാരണം. ചൂരല്‍മലയില്‍ നിന്ന് മേപ്പാടി വരെയുള്ള 14 കിലോമീറ്റർ ദൂരത്തില്‍ വാഹനങ്ങള്‍ കടന്നുപോകാൻ നിലവില്‍ മണിക്കൂറുകള്‍ വേണ്ടിവരുന്നുണ്ട്. അതേസമയം ബെയിലി പാലം നിർമിക്കാനുള്ള സാമഗ്രികളുമായി എത്തുന്ന സൈന്യത്തിന് വഴിയൊരുക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

ചൂരല്‍ മലയിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ അല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈയിലേക്ക് താല്‍കാലിക പാലം നിർമ്മിക്കുന്നതിന് ഇന്ത്യൻ വ്യോമ സേനയുടെ വിമാനം കണ്ണൂർ എയർപോർട്ടില്‍ ഇറങ്ങിയിട്ടുണ്ട്. വിമാനത്തില്‍ കൊണ്ടുവന്ന പാലം നിർമ്മിക്കാനുള്ള സാമഗ്രികള്‍ ദുരന്ത സ്ഥലത്തേക്ക് അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്നും ഇതിനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്നും ജില്ലാ കളക്ടർ അറിയിത്തിട്ടുണ്ട്.

അതേസമയം ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലക്ക് ചൂരല്‍ മലയില്‍ നിന്നും താത്കാലിക പാലം നിർമിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. വ്യോമസേനയുടെ രണ്ടാമത്തെ വിമാനമാണ് ഇന്ന് എത്തിയത്. വ്യോമസേന എത്തിച്ച സാമഗ്രികള്‍ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ 17 ട്രക്കുകളിലായി ഇവ ചൂരല്‍മലയിലെത്തിക്കും. 

Related News