സ്‌കൂള്‍ സമയമാറ്റം ഇപ്പോഴില്ല, ഖാദര്‍ കമ്മിറ്റിയുടെ എല്ലാ ശുപാര്‍ശകളും നടപ്പാക്കില്ല: വിദ്യാഭ്യാസ മന്ത്രി

  • 02/08/2024

സ്കൂള്‍ സമയമാറ്റം നിലവില്‍ അജണ്ടയില്‍ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകള്‍ക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. ശുപാർശയുടെ ഒരു ഭാഗത്തിനാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയത്. എല്ലാ ശുപാർശയും നടപ്പാക്കില്ല. സ്കൂള്‍ സമയമാറ്റം നിലവില്‍ ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്കൂള്‍ സമയം ക്രമീകരിക്കണമെന്നാണ് ഖാദർ കമ്മിറ്റി ശുപാർശ. പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച്‌ സമയം ക്രമീകരിക്കാമെന്നും റിപ്പോർട്ടില്‍ പറയുന്നു. നിലവില്‍ സർക്കാർ സ്കൂളുകള്‍ ഒൻപതര മുതല്‍ മൂന്നര വരെയോ നാല് മണി മുതല്‍ 10 മണി വരെയോ ആണ് പ്രവർത്തിക്കുന്നത്. ഈ സമയത്തില്‍ മാറ്റം വരുത്തുന്നത് നിലവില്‍ അജണ്ടയിലില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്. 


സമരം ചെയ്യുന്ന സംഘടനകള്‍ എന്താണ് അധ്യാപകരെ ബാധിക്കുന്ന പ്രശ്നമെന്ന് ചൂണ്ടിക്കാണിച്ചാല്‍ ചർച്ച ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. 

അധ്യാപകർക്ക് ഒരു പ്രശ്നവുമുണ്ടാവില്ല. സ്പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കിയിട്ടുണ്ട്. ശനിയാഴ്ചകളിലെ പ്രവൃത്തി ദിവസം സംബന്ധിച്ച്‌ ചർച്ച ചെയ്ത് പുതിയ കലണ്ടർ തയ്യാറാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശമെന്ന് മന്ത്രി പറഞ്ഞു. ശാന്തമായ അന്തരീക്ഷത്തില്‍ വിദ്യാഭ്യാസ രംഗം പോകണമെന്നാണ് ഉദ്ദേശിക്കുന്നത്. അധ്യാപകരുടെ സഹകരണം വേണം. ശനിയാഴ്ച പ്രവൃത്തി ദിനം സംബന്ധിച്ച്‌ രണ്ട് സിംഗിള്‍ ബഞ്ചുകള്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞതാണ് അത്ഭുതപ്പെടുത്തുന്നത്. അപ്പീല്‍ പോകാൻ നിലവില്‍ തീരുമാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related News