മൂന്ന് ദിവസത്തേക്ക് വടക്കൻ ജില്ലകളില്‍ ശക്തമായ മഴ തുടരും; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത തുടരണം

  • 02/08/2024

മൂന്ന് ദിവസത്തേക്ക് വടക്കൻ ജില്ലകളില്‍ യെല്ലോ അലർട്ട്. കോഴിക്കോട് മുതല്‍ കാസർകോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ആഗസ്റ്റ് 4 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുകയാണ്. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂന മർദ്ദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായാണ് ആഗസ്റ്റ് 2, 3 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

അതേസമയം, നദികളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. മൂന്ന് സ്റ്റേഷനുകളില്‍ യെല്ലോ അലർട്ടാണ് നിലവിലുള്ളത്. തൃശ്ശൂർ ജില്ലയിലെകരുവന്നൂർ (പാലകടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ) എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

Related News