വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ തയ്യാറായി നിരവധിപ്പേര്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പലരും സന്നദ്ധത അറിയിക്കുന്നത്. മന്ത്രി വീണാ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇത്തരം അഭ്യര്‍ഥന കമന്റുകളായി വന്നിരുന്നു.
'മാഡം, എല്ലാവരും നഷ്ടപ്പെട്ട മക്കള്‍ ഉണ്ടേല്‍ ഒരാളെ ഞാന്‍ നോക്കാം. എനിക്ക് തന്നോളൂ. എന്റെ മക്കളുടെ കൂടെ ഞാന്‍ നോക്കിക്കോളാം', 'എനിക്ക് രണ്ടു മക്കളുണ്ട്... ഇനിയും രണ്ടുമക്കളെ ഞാന്‍ പൊന്നുപോലെ നോക്കിക്കോളാം.' 'ആരോരുമില്ലാതായെന്ന് എന്ന് തോന്നുന്ന മക്കള്‍ ഉണ്ടെങ്കില്‍ എനിക്ക് തരുമോ മാഡം. ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം...' ഇത്തരത്തില്‍ നിരവധി പേരാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ അഭ്യര്‍ഥനയുമായി എത്തുന്നത്.
തുടര്‍ന്ന് മന്ത്രിതന്നെ ഇതിന് വിശദീകരണവും തന്റെ പേജിലൂടെ നല്‍കി, ദത്തെടുക്കലിനെക്കുറിച്ച് വ്യക്തത വരുത്തി. കണ്ണ് നനയിക്കുന്ന കമന്റ് ശ്രദ്ധയില്‍പ്പെട്ടെന്നും അത് കുറിച്ച നല്ലമനസ്സിന് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
എന്നാല്‍, ഇത്തരം കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമപ്രകാരമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഫോസ്റ്റര്‍ കെയറും ദത്തെടുക്കലുമെല്ലാം നിയമപരമായ നടപടികളാണ്. സെന്റര്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് കട്ടികളെ ദത്തെടുക്കാനാകുക. ആറുവയസ്സ് മുതല്‍ 18 വയസ്സുവരെയുള്ള കുഞ്ഞുങ്ങളെ ഫോസ്റ്റര്‍ കെയറിനും നല്‍കുന്നുണ്ട്. അതും കുട്ടിയുടെ ഉത്തമ താല്പര്യം മുന്‍നിര്‍ത്തിയാണ് ചെയ്യേണ്ടത്. സിഎആര്‍എ (Central Adoption Resource Authority)യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ സംരക്ഷണയില്‍ നിലവിലുള്ള ഏതൊരു കുഞ്ഞിന്റെയും ദത്തെടുക്കല്‍ നടപടിക്രമങ്ങളില്‍ പങ്കുചേരാന്‍ കഴിയും. പലരും ഇതേ ആവശ്യവുമായി വനിത ശിശുവികസന വകുപ്പിനെ സമീപിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കായി കൂടിയാണ് ഇതിവിടെ എഴുതുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?