വയനാട്ടിലെ കളക്ഷൻ സെന്ററില്‍ ശനിയാഴ്ച വരെ എത്തിയത് 593 ക്വിന്റല്‍ അരി, 5000 പാക്കറ്റ് ബ്രഡ്

  • 03/08/2024

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് ഹൈസ്കൂളില്‍ ആരംഭിച്ച അവശ്യസാധന കളക്ഷൻ സെന്റര്‍ 24 മണിക്കൂറും സജീവം. ദുരന്ത ബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിനായി വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകളും വ്യക്തികളും മറ്റും കൊണ്ടു വരുന്ന അവശ്യ വസ്തുക്കള്‍ ഇവിടെയാണ് സംഭരിക്കുന്നത്. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും രാപകലില്ലാതെയാണ് ഇവിടേക്ക് അവശ്യവസ്തുക്കളുമായി വാഹനങ്ങള്‍ എത്തുന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നു മണിവരെയുള്ള കണക്കുകള്‍ പ്രകാരം 592.96 ക്വിന്റല്‍ അരി, 5000 പാക്കറ്റ് ബ്രഡ്, 30,767പാക്കറ്റ് ബിസ്‌ക്കറ്റ്, 2947 ബെഡ് ഷീറ്റുകള്‍, 268 ഫീഡിങ് ബോട്ടില്‍, 3383 കിലോഗ്രാം ഗോതമ്ബ് പൊടി, 1628 ബോട്ടില്‍ ഡെറ്റോള്‍, 1100 ബക്കറ്റുകള്‍, 2544 പായകള്‍, 430 ബേബി സോപ്പുകള്‍, 3979 കിലോഗ്രാം പച്ചക്കറികള്‍, 70229 ബോട്ടില്‍ കുടിവെള്ളം ഉള്‍പ്പടെയുള്ളവ ഇവിടേയ്ക്കെത്തിച്ചു. 

ഇവയ്ക്കു പുറമേ കുട്ടികള്‍ക്കുള്ള ഡയപ്പറുകള്‍, സോപ്പ്, ഡെറ്റോള്‍, പഞ്ചസാര, പരിപ്പ്, മെഴുകുതിരി, തുണിത്തരങ്ങള്‍, ബ്രഷ്, ടൂത്ത് പേസ്റ്റ്, പുതപ്പുകള്‍, ടോർച്ചുകള്‍ ഉള്‍പ്പടെയുള്ള വിവിധ അവശ്യ സാധനങ്ങളും മരുന്നുകളും മറ്റും കേന്ദ്രത്തിലേക്കെത്തുന്നുണ്ട്. ഇവിടെ ശേഖരിക്കുന്ന സാധനങ്ങള്‍ ആവശ്യാനുസരണം കിറ്റുകളാക്കി വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിക്കുന്നതിനുള്ള സൗകര്യമാണ് നിലവില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. 

Related News