പണം കൊണ്ട് സഹായിക്കാൻ നിവൃത്തിയില്ല, കൂലിയില്ലാതെ വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് ജോബിയും കൂട്ടുകാരും

  • 05/08/2024

ഉരുള്‍പൊട്ടല്‍ തകർത്തെറിഞ്ഞ വയനാടിന്‍റെ അതിജീവനത്തിനായി കൈകോർക്കുകയാണ് വടക്കൻ പറവൂരിലെ ഒരു സംഘം കെട്ടിട നിർമാണ തൊഴിലാളികള്‍. അധ്വാനമാണ് അവരുടെ വാഗ്ദാനം. വയനാട്ടിലെ ദുരന്ത ബാധിതര്‍ക്കായി കൂലി വാങ്ങാതെ പാർപ്പിട നിർമാണത്തില്‍ പങ്കുചേരാമെന്നാണ് ഇവര്‍ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. പറവൂരിലെ കെട്ടിട നിര്‍മാണ തൊഴിലാളികളായ ജോബി, സിജു, ബോസി, രമണന തുടങ്ങിയ ഒരു കൂട്ടം ആളുകളാണ് വയനാടിന് തങ്ങളാല്‍ കഴിയുന്ന സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്.

വയനാട്ടുകാരെ സഹായിക്കണമെന്നുണ്ടെന്നും എന്നാല്‍, സംഭാവന നല്‍കാൻ നീക്കിയിരിപ്പൊന്നുമില്ലെന്നും പക്ഷേ കെട്ടിടം പണിയാണ് ആകെ അറിയുന്നതെന്നും ജോബി പറഞ്ഞു. അധ്വാനിക്കാനുള്ള മനസും ശരീരവും വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി നല്‍കാനാണ് ഇവര്‍ തീരുമാനിച്ചത്. സർവതും നഷ്ടപ്പെട്ടവർക്കായി സർക്കാരും സന്നദ്ധസംഘടനകളും വീടുകള്‍ പണിയുമ്ബോള്‍ പണിയെടുക്കാൻ തയ്യാറാണെന്നും കൂലി വേണ്ടെന്നും ജോബി ഫേസ് ബുക്കില്‍ പോസ്റ്റിട്ടു.

കൂലിയില്ലാതെ വീടുകള്‍ നിര്‍മിച്ചു നല്‍കാനുള്ള സന്നദ്ധത ജോബി അറിയിച്ചതിന് പിന്നാലെ ടൈല്‍സ് പണി, കല്‍പ്പണി, പെയിന്‍റ് പണി ഇങ്ങനെ വിവിധ മേഖലയില്‍ തൊഴിലെടുക്കുന്നവരും കൂടെ വരാമെന്ന് ഇതിനോടകം അറിയിച്ചിട്ടുണ്ടെന്നും ഗള്‍ഫില്‍ നിന്നും വരെ ആളുകള്‍ വിളിച്ച്‌ വയനാട്ടിലേക്ക് പോകുമ്ബോള്‍ ഞങ്ങളുടെ വീട്ടിലെ ചിലവുകള്‍ വരെ നോക്കിക്കോളാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ജോബി പറയുന്നു. വേദന അറിയാനുള്ള മനസ്സുണ്ടായാല്‍ , ഒരു കൈ സഹായം നല്‍കാൻ ഉള്ളുണ്ടായാല്‍, അതു മതി, മാർഗം തെളിഞ്ഞുവരും ഇക്കാര്യം മനസില്‍ വെച്ചുകൊണ്ടാണ് ജോബിയും കൂട്ടുകാരും വയനാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്.

Related News