പരിസ്ഥിതി ലോല പ്രദേശവും വന്യമൃഗങ്ങളും; എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം വെല്ലുവിളി, സര്‍ക്കാരിന് കടമ്ബകളേറെ

  • 06/08/2024

ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടപെട്ടവരെ പുനരധിവസിപ്പിക്കാൻ കടമ്ബകള്‍ ഏറെയാണ്. പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ച വില്ലേജുകളും, ജനസാന്ദ്രതയേറിയ നഗരങ്ങളും വന്യമൃഗശല്യവുമാണ് വെല്ലുവിളിയാകുന്നത്. ഉരുള്‍പൊട്ടലിനെ അതിജീവിച്ച വീട്ടുകാരെയുംമാറ്റിത്താമസിപ്പിക്കേണ്ടി വരും. 

മുണ്ടക്കൈയും പുഞ്ചിരിമട്ടവുമൊന്നും ഇനിയില്ല, ചൂരല്‍ മല പകുതിയോളം ഒലിച്ചു പോയി. രണ്ട് ഗ്രാമങ്ങളെ പൂർണ അർത്ഥത്തില്‍ പുനരധിവസിപ്പിക്കാൻ സർക്കാർ നേരിടേണ്ടി വരുന്നത് ചെറിയ വെല്ലുവിളികള്‍ അല്ല. മുഖ്യമന്ത്രി റീ ബില്‍ഡ് വയനാട് പ്രഖ്യാപിച്ചിട്ടുണ്ട്. ആരെയും ജില്ലക്ക് പുറത്തേക്ക് പറിച്ചു നടില്ലെന്ന് സർക്കാർ ഉറപ്പ് നല്‍കുന്നുമുണ്ട്. എന്നാല്‍ ജില്ലക്കുള്ളിലാണെങ്കിലും കടമ്ബകള്‍ ഏറെയുണ്ട്.

മഹാ ദുരന്തമേറ്റുവാങ്ങിയ വെള്ളരിമല വില്ലേജില്‍ നിന്ന് മുണ്ടക്കൈക്കാരെയും ചൂരല്‍മലക്കാരെയുമെല്ലാം തൊട്ടടുത്ത വില്ലേജുകളിലേക്ക് മാറ്റി പാർപ്പിക്കാമെന്ന് കരുതിയാല്‍ ചുണ്ടേലും, പൊഴുതനയും, കുന്നത്തിടവകയും, അച്ചൂരാനവുമെല്ലാം പരിസ്ഥിതി ലോല പ്രദേശങ്ങളാണ്.

മാനന്തവാടി ബത്തേരി താലൂക്കുകളിലും പരിസ്ഥിതി ലോല മേഖലകളുണ്ട്. കല്‍പ്പറ്റയടക്കം നഗരങ്ങള്‍ക്ക് അടുത്തേക്ക് ഇത്രയധികം ആളുകളെ മാറ്റണമെങ്കില്‍ അതിന് അനുയോജ്യമായ സ്ഥലം വേണം. ജനസാന്ദ്രത കൂടിയ ഇടങ്ങള്‍ അനിയോജ്യവുമാവില്ല. ദുരന്തബാധിതരെ ഗ്രൂപ്പുകളാക്കി പലയിടങ്ങളില്‍ പാർപ്പിക്കേണ്ടി വരും.

Related News