കുടുംബങ്ങളുടെ ഏക ആശ്രയമായ കൃഷിയും നശിച്ചു; 310 ഹെക്ടറില്‍ കൃഷിനാശം, വനഭൂമിയും ചളിയില്‍ പുതഞ്ഞുപോയി

  • 06/08/2024

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 310 ഹെക്ടറില്‍ കൃഷിനശിച്ചതായി റിപ്പോർട്ട്. 750ല്‍ അധികം കുടുംബങ്ങള്‍ മേഖലയില്‍ കൃഷിയെ ആശ്രയിച്ചു മാത്രം ജീവിച്ചവരാണ്. 6 ഹെക്റ്ററില്‍ അധികം വനഭൂമിയും ചളിയില്‍ പൊതിഞ്ഞുപോയെന്നാണ് പുറത്തുവരുന്ന കണക്ക്. 50 ഹെക്ടർ ഏലം, 100 ഹെക്ടർ കാപ്പി, 70 ഹെക്ടർ കുരുമുളക്, 55 ഹെക്ടർ തേയില, തെങ്ങും, കവുങ്ങും വാഴയും പത്ത് ഏക്കർ വീതം- കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് തന്നെ ഞെട്ടിക്കുന്നതാണ്.

ഇതു കൂടാതെയുമുണ്ട് നാശനഷ്ടങ്ങള്‍. 80 കാട് വെട്ട് യന്ത്രങ്ങള്‍, 150 സ്പ്രേയർ, 750 കാര്‍ഷിക ഉപകരണങ്ങള്‍, 150 ലധികം മറ്റ് ഉപകരണങ്ങള്‍, 200 പമ്ബ് സെറ്റുകളും അനുബന്ധ നഷ്ടവും അമ്ബരപ്പിക്കുന്നതാണ്. അതേസമയം, കൃഷി വായ്പകള്‍ വിലയിരുത്തി വരുന്നതായി പ്രിൻസിപ്പല്‍ കൃഷി ഓഫീസർ പറഞ്ഞു. 5 ഹെക്റ്ററില്‍ അധികം വനഭൂമി ഉരുള്‍ പൊട്ടലില്‍ നശിച്ച എന്നാണ് വനം വകുപ്പ് കണക്ക്.

പശ്ചിമ ഘട്ടത്തിന്റെ വൈവിധ്യ കലവറയാണ് ഇവിടം. ചൂരല്‍മലയോട് ചേർന്നുള്ള 309 ഭാഗവും ഇല്ലാതെയായി. അപൂർവ സസ്യജാലങ്ങള്‍ ധാരാളം ഉള്ള മേഖലയായിരുന്ന ഈ പ്രദേശം കഴിഞ്ഞ 10 വർഷത്തിനിടെ 7 പുതിയ സസ്യ ജാലങ്ങളെ കണ്ടെത്തിയ സ്ഥലം കൂടിയാണിത്. 2021ലെ പക്ഷി സർവേയില്‍166 ഇനം പക്ഷികളെ അടയാളപ്പെടുത്തിയിരുന്നു. മനുഷ്യരുടെ പുനരധിവാസം പോലെ ഇവരെ സംരക്ഷിക്കുന്നതും വെല്ലുവിളിയാകും.

Related News